കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എ അറസ്റ്റിലായിട്ട് ഒരു മാസം തികഞ്ഞിട്ടും ജ്വല്ലറി എംഡിയും ഡയറക്ടര്‍മാരും ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ.
ഇതോടെ കമറുദ്ദീന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന ലീഗിന്റെ പ്രചാരണത്തിനും ശക്തിയേറുകയാണ്.
കമറുദ്ദീന്റെ അറസ്റ്റിനു ശേഷം അന്വേഷണം മെല്ലെപ്പോക്കിലായതിലും പ്രധാന പ്രതികളെ ഇനിയും പിടികൂടാനാവാത്തതിലും പ്രതിഷേധിച്ച് നിക്ഷേപകര്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഒന്നാം പ്രതിയും ജ്വല്ലറി എംഡിയുമായ ടി.കെ. പൂക്കോയ തങ്ങള്‍ കമറുദ്ദീന് അറസ്റ്റിലായ നവംബര്‍ ഏഴുമുതല്‍ ഒളിവിലാണ്.
മകന് എ.പി. ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് തുടങ്ങിയവര്‍ ഇതിനു മുമ്പേ ഒളിവില്‍ പോയിരുന്നു.
ഇവര്‍ക്കെതിരേ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ഇവരെ അന്വേഷിച്ച് ബംഗളൂരുവും മൈസൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക സ്ക്വാഡിനെ അയക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലാകുകയായിരുന്നു.
ജ്വല്ലറിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാവുന്ന പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദമുള്ളതായും നിക്ഷേപകര്‍ ആരോപിക്കുന്നു.
കമറുദ്ദീനെ ജയിലിലടച്ചതുകൊണ്ടു മാത്രം നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കില്ലെന്നും പ്രധാന പ്രതികളെ പിടികൂടി അവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് കണ്ടെത്താനാണ് നടപടി ഉണ്ടാകേണ്ടതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനുപകരം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കമറുദ്ദീനെ ജയിലിലടക്കുകയെന്ന രാഷ്ട്രീയലക്ഷ്യത്തിലേക്കുമാത്രം അന്വേഷണം ചുരുങ്ങിപ്പോയതായും ഇവര്‍ ആരോപിക്കുന്നു.