ആലപ്പുഴ :മഹാമാരി നാടിനെ പിടിമുറുക്കുന്പോഴും മഹാബലിയെ വരവേൽക്കാൻ മലയാളിക്കിനി മറുനാടൻ പൂക്കൾ തേടി പോകേണ്ട.
ഓണവിപണി ലക്ഷ്യം വച്ച് ജൂലൈ മാസം ആദ്യം കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ ചെയ്ത നട്ട ബന്ദി തൈകളാണ് ചെടി നിറയെ പൂക്കളുമായി നിറഞ്ഞു നിൽക്കുന്നത്.
കനത്ത കാലവർഷം ചെടികളെ കുറെ നശിപ്പിച്ചെങ്കിലും കൃത്യമായ പരിചരണത്തിലൂടെ വിളവെടുപ്പിലേക്ക് എത്തിക്കുകയായിരുന്നു കണ്ണത്താ ദൂരത്ത് പരന്നു കിടക്കുന്ന ചൊരിമണലിലെ ബന്ദിപൂ വസന്തം ആരേയും ആകർഷിക്കുന്നതാണ്.
മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് നിറയെ സന്ദർശകർക്ക് പൂക്കളുടെ ഇടയിൽ ഇരിക്കുന്നതിന് മുളയിൽ തീർത്ത പ്രത്യേക ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂക്കൾക്ക് വലുപ്പം അധികമുള്ള ഇനം ചെടിയുടെ വിത്ത് ബാംഗ്ലൂരിൽ നിന്ന് വാങ്ങി ട്രേയിൽപാകി കിളിപ്പിച്ചാണ് തൈകളാക്കിയത്. ചാണകവും ചാരവും കോഴി വളവും ആണ് അടിവളമായി ഉപയോഗിച്ചത്.
അത്തപ്പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾ വാങ്ങാൻ മടിയുള്ളവർക്ക് ഇവിടെ നിന്ന് പൂക്കൾ ലഭിക്കും. തോട്ടത്തിൽ നിരവധി പേരാണ് പൂക്കൾ ആവശ്യപ്പെട്ട് എത്തുന്നത്. പച്ചക്കറികളുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും.