പൂമരം നട്ടതാരാണെന്ന് ഒടുവില്‍ കണ്ടെത്തി; ഇരുപതു വര്‍ഷം മുമ്പ് രചിച്ച ഗാനം എങ്ങനെ കാലത്തെ അതിജീവിച്ചു എന്നറിയാം…

poo650സമീപകാലത്ത് മലയാള പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ച ഗാനം ഏതാണെന്ന് ചോദിച്ചാല്‍ മറുപടിയായി വരുന്നത് ഞാനും…ഞാനുമെന്റാളും ആ നാല്‍പ്പതും പേരും… എന്ന വരികളാണ്. നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന പൂമരത്തിലെ ഗാനം സിനിമാ റിലീസ് ആകുന്നതിനു മുമ്പുതന്നെ തരംഗമായിരിക്കുകയാണ്. പാട്ടിന്റെ ഫീമെയില്‍ വേര്‍ഷനും പാരഡികളും ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ഈ പാട്ട് മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോഴും ഒരു ചോദ്യം ബാക്കിയായിരുന്നു. ആരുടെ തൂലികയിലാണ് ഈ മനോഹരഗാനം വിരിഞ്ഞത് എന്നതായിരുന്നു ആ ചോദ്യം. ഉത്തരം തേടിയിറങ്ങിയവര്‍ ആദ്യം ചെന്നു നിന്നത് ഫൈസല്‍ റാസിയെന്ന മഹാരാജാസ് വിദ്യാര്‍ത്ഥിയുടെ മുമ്പിലായിരുന്നു. ഗാനത്തിന് ഈണം നല്‍കിയതും ആലപിച്ചിരിക്കുന്നതും ഫൈസലായിരുന്നു എന്നതായിരുന്നു കാരണം. എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഫൈസലിനായില്ല.

അന്വേഷണം പിന്നെയും നീണ്ടു. അങ്ങനെയാണ് അന്വേഷണക്കാര്‍  2007-2010 കാലഘട്ടത്തില്‍ മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന സുധീഷ് സുധന്‍ എന്ന ആശാനിലേക്കെത്തിയത്. അതോടെ പാട്ടിനു പിന്നിലെ ചരിത്രം മറനീക്കി പുറത്തുവന്നു.പഠിക്കുന്നകാലത്ത് ടൈലിന്റെ പണിക്ക് പോകാറുള്ള സുധീഷ് ഒരു പണി സ്ഥലത്തു നിന്നുമാണ് ഈ ഗാനം ആദ്യം കേള്‍ക്കുന്നത്. വള്ളപ്പണിക്കു പോകാറുള്ള കൊടുങ്ങല്ലൂരുകാരനായ മധ്യവയസ്കനായിരുന്നു ഗായകന്‍. പാട്ട് ഇഷ്ടമായ സുധീഷ് അത് കോളജിലെത്തിക്കുകയായിരുന്നു.

അങ്ങനെ സുധീഷിന്റെ വാക്കുകളിലൂടെ സഞ്ചരിച്ച അന്വേഷികള്‍ ഒടുവില്‍ ദൗത്യത്തില്‍ വിജയിക്കുക തന്നെ ചെയ്തു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശികളായ ആശാന്‍ ബാബുവും ദയാല്‍ സിംഗുമാണ് 20 വര്‍ഷം മുമ്പ് ഈ പാട്ടിന് രൂപം കൊടുത്തതെന്നു ഇവര്‍ കണ്ടെത്തി. ആശാന്‍ ബാബു ഇപ്പോള്‍ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയിലെ (കിഡ്‌സ്) സെക്യൂരിറ്റി ജീവനക്കാരനാണ്. ഇവരുടെ ഗാനം അന്നുമുതല്‍ നിരവധി നാടന്‍പാട്ടുകാര്‍ ഏറ്റുപാടി. അത് അങ്ങനെയാണ് മഹാരാജാസിലുമെത്തിയത്. എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിനായി ഫൈസല്‍ റാസി സംഗീതമിട്ട് പാടിയ പാട്ട് സൂപ്പര്‍ഹിറ്റായതോടെ പാട്ടിന്റെ രചയിതാക്കള്‍ക്കുള്ള അംഗീകാരം കൂടിയായി അത്.

Related posts