തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്തു സ്വര്‍ണം ചുളുവിലയ്ക്ക് തരപ്പെടുത്താം എന്നു പറഞ്ഞ് ജ്യുവല്ലറി ഉടമകളെ പറ്റിച്ച കേസിലായിരുന്നു സിനി പിടിയിലായത്. എന്നിട്ടും തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.
മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജൂവലറിയില്‍ നിന്ന് 40 പവന് സ്വര്‍ണം ലഭിക്കുമെന്നും ഇതില്‍ 32 പവന് സ്വര്‍ണം മേബന്‍ നിധി ലിമിറ്റഡില്‍ നിക്ഷേപിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഒല്ലൂരില്‍ നിന്ന് പരാതിക്കാരന് ഒരു ജീവനക്കാരനെ തുകയുമായി സിനിയുടെയും ഉല്ലാസിന്റെയും കൂടെ വിടുകയായിരുന്നു. ഇവിടെയെത്തി ജൂവലറിയില്‍ കയറിയപ്പോള്‍ ഉടമ ഇവരില്‍ നിന്ന് 2,30,000 രൂപ വാങ്ങിയെടുത്തു. സിനി 73 ഗ്രാം സ്വര്‍ണം വാങ്ങിയിരുന്നതായും, തുക നല്‍കാതെ ചെക്ക് ആണ് അന്ന് നല്‍കിയിരുന്നത്. ഈ തുകയാണ് താന്‍ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. തുക വാങ്ങി ചെക്ക് മടക്കി കൊടുത്തതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പിന്നീട് പ്രതികളുടെ കൂടെ ഉണ്ടായിരുന്ന അച്ഛന് കോട്ടമുറി സ്വദേശി ബാക്കിയുള്ള 3,70,000 രൂപയില്‍ 3 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതിനിടെ ചെക്ക് ലീഫും ബോണ്ട് പേപ്പറും വാങ്ങിക്കാന്‍ എന്ന വ്യാജേന കോട്ടമുറി സ്വദേശി പുറത്തേക്ക് പോയി. പിന്നീട് ഇയാള്‍ തിരികെ എത്തിയില്ല.സംഭവത്തില്‍ കോട്ടമുറി സ്വദേശിയുടെയും ജൂവലറി ഉടമയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കോടികള്‍ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വില്‍ക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു. എറണാകുളം തോപ്പുംപടിയില്‍ കോടികള്‍ വിലമതിക്കുന്ന ഗണപതിവിഗ്രഹം വില്‍പ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു. ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ തട്ടിപ്പിനിരയായ റിസോര്‍ട്ടുടമ ആത്മഹത്യചെയ്തു.
മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ”രാഷ്ട്രീയ നേതാക്കളെ”ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നല്‍കാമെന്നും തങ്ങള്‍ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാര് ഉറപ്പുനല്‍കി. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഫോണ്‍നമ്പറും നല്കി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നില്‍പ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകള്‍ക്ക് വേഗം കൂടാന്‍ കാരണം. ഭര്‍ത്താവായി വേഷമിടാന്‍ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വര്‍ണ്ണത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.
പൂമ്പാറ്റ സിനിയെ നയിച്ചിരുന്നത് കടുത്ത അന്ധവിശ്വാസമായിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയില്‍ അമിതമായി വിശ്വസിച്ചിരുന്ന ഇവര്‍ നയിച്ചിരുന്നത് കോടികള്‍ വിലയുള്ള ഫ്ളാറ്റില്‍ വില കൂടിയ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തിയുള്ള അത്യാഡംബര ജീവിതമാണ് നയിച്ചിരുന്നത്. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്ളാമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഇവര്‍ താമസിക്കുന്ന വീടുകളില്‍ സ്വന്തമായി മുറികളില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ദിവസവും ചാത്തന് സേവയും പൂജയും നടത്തുമായിരുന്നു.
പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുന്‍കൂറായി നല്‍കിയാണ് വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവര്‍മാര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ പണക്കാര് അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകളെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലും സിനിയും സംഘവും കുടുങ്ങിയിരുന്നു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നിങ്ങനെ പല പേരുകളിലാണിവര്‍ സിനി അറിയപ്പെടുന്നത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഇടപെട്ടായിരുന്നു തട്ടിപ്പുകള്‍.