ആലപ്പുഴ: റോഡിലെ വെള്ളക്കെട്ടിൽ കുഴിയറിയാതെ യാത്രക്കാർ അപകടത്തിൽപെടുന്നു. പൂന്തോപ്പ് വാർഡിൽ ആശ്രമം ജംഗ്ഷനു സമീപം പൂന്തോപ്പിൽഭാഗം എൽപി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലാണ് യാത്രക്കാർക്ക് ഈ ദുരിതം. സ്കൂൾ കുട്ടികൾ ഉൾപടെ നൂറുകണക്കിനു ആളുകൾ ദിവസേന യാത്ര ചെയ്യുന്ന ഈ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് പതിവാണ്.
എന്നാൽ അറ്റകുറ്റപ്പണി നടത്താതെ റോഡ് തകർന്നതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടു. മഴ പെയ്തതോടെ മുട്ടൊപ്പം വെള്ളം നിറഞ്ഞ റോഡിൽ കുഴിയറിയാതെ യാത്രക്കാർ അപകടത്തിൽപെടുകയാണ്. പകൽ സമയങ്ങളിൽ പോലും കുഴികൾ അറിയാൻ സാധിക്കാത്ത റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതുമൂലം രാത്രികാലങ്ങളിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
സ്കൂളിലേക്കു വരുന്ന സാധാരണക്കാരായ കുട്ടികൾ അരയൊപ്പം വെള്ളം നീന്തി വേണം സ്കൂളിലേക്ക് എത്താൻ. വെള്ളക്കെട്ട് പതിവായ റോഡിൽ യഥാസമയം അറ്റകുറ്റപ്പണി നടത്താനോ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നീക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൂന്തോപ്പിൽഭാഗം എൽപി സ്കൂളിനു മുന്നിലൂടെയുള്ള റോഡ് വെള്ളക്കെട്ടു നിറഞ്ഞ നിലയിൽ