മരിച്ചുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്നും നടി പറഞ്ഞു.
“”എല്ലാവര്ക്കും നമസ്കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു.
അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാര്‍ന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം.
എച്ച്പിവി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക.” പൂനം ലൈവിൽ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂനം പാണ്ഡേ സെർവിക്കൽ കാൻസർ ബാധിച്ച് അന്തരിച്ചുവെന്ന് വാർത്തകൾ പരന്നത്. പൂനത്തിന്റെ വിയോഗവാര്‍ത്ത അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ ഇതിൽ ഏറെ അവ്യക്തതകളും ദുരൂഹതകളും വന്നിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ അത്രയധികം സജീവമായിരുന്ന നടി എന്തുകൊണ്ട് ഇത് മറച്ചുവെച്ചുവെന്നും ചർച്ചകൾ വന്നു.
ജനുവരി 29ന് പോസ്റ്റു ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് താരം കാണപ്പെട്ടത്. ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ പുറത്തുവന്നിരുന്നുമില്ല.