നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്നു പ്രചരിക്കുന്ന വാർത്തകളിൽ അഭ്യൂഹങ്ങൾ തുടരുന്നു. പൂനം മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി ആണ് ഇതെന്നുമൊക്കെയാണ് ട്വീറ്റുകൾ ഉയരുന്നത്.
ഇത്രയും പ്രശസ്തയായ ഒരു താരം മരിച്ചിട്ട് ആശുപത്രി അധികൃതരോ വീട്ടുകാരോ പ്രതികരിക്കാത്തതും ദുരൂഹത കൂട്ടുന്നു.
പലപ്പോഴും പ്രശസ്തിയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത താരമാണ് പൂനം. അതിനാൽ തന്നെ ഇതും അതിന്റെ മറ്റൊരു ഭാഗമാണെന്നും ചർച്ചകൾ നടക്കുന്നു. ജനുവരിയിലാണ് സെർവിക്കൽ കാൻസർ മാസമായി ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് താരം നടത്തിയ ക്യാപെയ്നാണെന്നാണ് പലരും പറയുന്നത്.
നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിൽ സെർവിക്കൽ കാൻസർമൂലം പ്രിയപ്പെട്ട പൂനം മരണമടഞ്ഞു എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് ഈ മരണവാർത്തയിലെ സസ്പെൻസ് വെളിപ്പെടുമെന്നും സൂചനയുണ്ട്.
നാലുദിവസം മുൻപാണ് നടി അവസാന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഗോവയിലെ ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോയാണ് പങ്കുവച്ചത്.
പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തന്നെ വിളിച്ചു പറഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ഈ സാഹചര്യത്തിൽ നടിയുടെ സഹോദരിയെയും കുടുംബാംഗങ്ങളെയും മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചാരണവും ശക്തമാണ്.