തൃശൂര്‍: കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണത്തിന് ജില്ലാ അതിര്‍ത്തി കടന്നെത്തുന്നത് പൂങ്കുഴലി ഐപിഎസ്. വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സമഗ്ര അഴിച്ചുപണി നടത്തിയ സര്‍ക്കാര്‍ പാലക്കാട് ടൗണ്‍ എഎസ്പിയായ ജി. പൂങ്കഴലിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സൗത്ത് സോണ്‍ എഡിജിപി ബി. സന്ധ്യ മേല്‍നോട്ടം വഹിക്കും.
പരാതിക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. തൃശൂര്‍ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്. നിശാന്തിനിയും ദൈനംദിന അന്വേഷണത്തെ സഹായിക്കും. സംഘത്തില്‍ ഒല്ലൂര്‍ സിഐ കെ.കെ. സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത് എന്നിവരുണ്ട്. യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.
ഇലക്്ട്രിക്കല്‍ ആന്‍ഡ് ഇലക്്ട്രോണിക്സ് എന്‍ജിനീയറിംഗ് ബിരുദധാരിയായ പൂങ്കുഴലി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ഐപിഎസ് ലഭിച്ച് സേനയിലെത്തുന്നത്. ഐപിഎസ് ലഭിച്ച ഉടനെ ആദ്യനിയമനം കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ സ്റ്റേഷനിലായിരുന്നു.
കേരളത്തെ പിടിച്ചുകുലുക്കുന്ന പീഡനക്കേസിന്റെ അന്വേഷണച്ചമുതലയേറ്റെടുത്ത് പൂങ്കുഴലി തൃശൂരിലേക്ക് വരുമ്പോള്‍ സഹായത്തിനായി തൃശൂരിലുള്ള റൂറല്‍ എസ്പി നിശാന്തിനി ഇവരുടെ അടുത്ത സുഹൃത്തും ഐപിഎസ് ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ വ്യക്തിയുമാണ്. നിശാന്തിനിയും ഭര്‍ത്താവ് രാജമാണിക്യവും തനിക്ക് ഏറെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ഐപിഎസ് പരിശീലന വേളയില്‍ തന്നിരുന്നുവെന്ന് പൂങ്കുഴലി രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് പൂങ്കുഴലി ചക്കരക്കല്‍ സ്റ്റേഷനില്‍ എഎസ്പിയായി ചുമതലയേറ്റത്. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ഗോവിന്ദരാജിന്റെയും വിജയലക്ഷ്മിയുടേയും മകളാണ് പൂങ്കുഴലി.