കോട്ടയം: പൂഞ്ഞാറിനടുത്ത് മീനച്ചിലാറിന്റെ കൈവഴിയായ പെരിങ്ങളം തോട്ടിലെ കല്ലേക്കുളം ഉറവക്കയത്തിൽ മുങ്ങി മരിച്ച പ്ലസ്ടു വിദ്യാർഥികളിൽ ഒരാളുടെ സംസ്കാരം നടത്തി. സിഎംഎസ് കോളജ് ജംഗ്ഷനിൽ എംജിഒസിഎസ്എം വൈ അപ്പാർട്ടുമെന്റ് 10 എയിൽ എൻ.എ. ഹബീബിന്റെ മകൻ മുഹമ്മദ് റിയാസിന്റെ (17) കബറടക്കം ഇന്നു രാവിലെ 11നു തിരുനക്കര പുത്തൻ പള്ളി ജുമാമസ്ജിദിൽ നടത്തി. മരിച്ച ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബി(17)ന്റെ സംസ്കാരം നാളെ പന്നിമറ്റം സിഎസ്ഐ പള്ളിയിൽ നടക്കും.
ഗൂഗിൾമാപ്പിലൂടെ കണ്ടെത്തിയ സ്ഥലത്തെ ദൃശ്യഭംഗി തേടി എത്തിയ വിദ്യാർഥികൾക്കാണ് ദാരുണാന്ത്യം. മരിച്ച രണ്ടു പേരും കോട്ടയം ബേക്കർ വിദ്യാപീഠത്തിലെ വിദ്യാർഥികളാണ്. കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂൾ അധ്യാപകൻ നാട്ടകം ചെട്ടിക്കുന്ന് കണ്ണൻകാട്ടുമണ്ണിൽ ജേക്കബ് പി. ജോസഫിന്റെയും ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ അധ്യാപിക കെ.കെ. വിനീതയുടെയും മകനാണ് മരിച്ച ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബ് .
ഇന്നലെ ഉച്ചയ്ക്കു 12.15നായിരുന്നു അപകടം. നാലംഗ വിദ്യാർഥി സംഘമാണ് ഇന്നലെ സ്ഥലത്തെത്തിയത്. ഉറവക്കയത്തിൽ കുളി കഴിഞ്ഞു കരയ്ക്കു വിശ്രമിക്കുന്നതിനിടയിൽ ക്രിസ്റ്റഫർ കാൽ വഴുതി കയത്തിൽ വീണു. ക്രിസ്റ്റഫറിനെ രക്ഷിക്കാൻ മുഹമ്മദ് റിയാസും സംഘത്തിൽ ഉണ്ടായിരുന്ന എബിനും പുറകെ ചാടി.
മൂന്നു പേരും വെള്ളത്തിൽ മുങ്ങുന്നതു കണ്ട് പാറയിൽ നിന്ന മറ്റൊരു സുഹൃത്ത് അമൽ കന്പു കഷ്ണം എറിഞ്ഞുകൊടുത്തു. ഇതിൽ തൂങ്ങി എബിൻ രക്ഷപ്പെട്ടെങ്കിലും ക്രിസ്റ്റഫറും മുഹമ്മദ് റിയാസും മുങ്ങിത്താണു. എബിനും അമലും ബഹളം വച്ചു നാട്ടുകാരെയും വഴിയാത്രക്കാരെയും വിളിച്ചു കൂട്ടി. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കരയ്ക്കെത്തിച്ചു. തുടർന്നു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.
മുഹമ്മദ് റിയിസിന്റെ അമ്മ ശാമില ഈരാറ്റുപേട്ട കാരയ്ക്കാട്ട് കുടുംബാഗം. നസ്രിയ, ആയിഷ എന്നിവർ സഹോദരങ്ങളാണ്.
ക്രിസ്റ്റഫറിന്റെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. ക്രിസ്റ്റി,ക്രിസ്റ്റീന എന്നിവരാണ് സഹോദരങ്ങൾ.