കോട്ടയം: മലനിരകളിൽ നിന്നുള്ള തെളിനീരുമായി ശാന്തമായൊഴുകുന്ന മീനച്ചിലാർ. ആറിന്റെ തീരം ഒന്നര കിലോമീറ്റർ ദൂരത്തിൽ പുഷ്പങ്ങളും വിവിധ സസ്യങ്ങളും പൂത്തുലഞ്ഞു നിൽക്കുന്നു. ഇതുവഴി കടന്നു പോകുന്നവർ ഒരു നിമിഷം വാഹനം നിർത്തി ഇതു കേരളമോ എന്നു ചിന്തിക്കും. ഈ മനോഹര കാഴ്ചയ്ക്ക് ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പാലായ്ക്കുസമീപം മുത്തോലിയിലേക്ക് ചെല്ലണം.
മീനച്ചിലാറിന്റെ തീരത്ത് ഒന്നര കിലോമീറ്ററോളം ദൂരം സൂര്യപ്രഭയിൽ പുഞ്ചിരിക്കുന്ന മഞ്ഞ കോളാന്പി ചെടിയും നന്ത്യാർവട്ടവും തണൽ വിരിച്ചു പൂത്തു നിൽക്കുന്ന ഗുൽമോഹറും കാഴ്ചയുടെ വിരുന്നൊരുക്കുന്ന ആറ്റുതീരം. ഈ ആറ്റുതീരത്തെ മനോഹരമാക്കുന്നതും പരിപാലിക്കുന്നതും ജോസഫും രാജപ്പനും എന്ന രണ്ട് ഉദ്യാനപാലകരാണ്. കഴിഞ്ഞ 12 വർഷമായി ഇവരാണ് ഈ ആറ്റു തീരത്തെ പരിപാലിക്കുന്നത്.
പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹൈവേ യാത്രക്കാർക്കായി ഈ മനോഹരമായ വഴിയോര വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്. പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന അന്തരിച്ച പ്രഫ. കെ.കെ. ഏബ്രഹാമാണു വഴിയോരത്തെ പൂന്തോട്ടവും വിശ്രമകേന്ദ്രവും എന്ന ആശയം അവതരിപ്പിച്ചത്.
നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള കെ.കെ. ഏബ്രഹാം അവിടങ്ങളിലെ റോഡുകളിൽ മനോഹരമായ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നതു കാണാനിടയായി. താൻ പ്രസിഡന്റായിരിക്കുന്ന സൊസൈറ്റിയുടെ ഫാക്ടറി സ്ഥിതി ചെയ്യുന്ന മുത്തോലിയിലെ ഹൈവേ സുന്ദരിയാക്കാൻ തീരുമാനിച്ചു. ഇങ്ങനെയാണ് ആറ്റുതീരം യാഥാർഥ്യമാകുന്നത്.
ഉദ്യാനത്തെ പരിപാലിക്കാനായി ഫാക്ടറിയിൽനിന്നും റിട്ടയർ ചെയ്ത മീനച്ചിൽ സ്വദേശി ജോസഫ് ജോസഫിനെയും, മുത്തോലി സ്വദേശി ടി.എസ്. രാജപ്പനെ നിയമിക്കുകയും ചെയ്തത്. രാവിലെ ഏഴിനു ആറ്റു തീരത്തെത്തുന്ന ഇവർ ആദ്യം വഴിയോരത്തെയും പൂന്തോട്ടത്തിലെയും മാലിന്യങ്ങൾ നീക്കം ചെയ്യും.
തുടർന്നു പൂന്തോട്ടത്തിലെ ഒരോ ചെടിയുടെയും അടുത്തെത്തും കാടുകളും മറ്റും വെട്ടിതെളിക്കും, വെട്ടിയൊരുക്കേണ്ടവ വെട്ടിയൊരുക്കും. വേനൽക്കാലത്ത് നനയ്ക്കലാണു പ്രധാന ജോലി. ഭംഗിയായി വെട്ടി നിർത്താവുന്ന ആൽ എന്ന ചെടി, മഞ്ഞപൂക്കളുള്ള കോളാന്പി ചെടി, നന്ത്യാർവട്ടം, ചെറിയ ഇലകളുള്ള ഏതുആകൃതിയിലും വെട്ടിനിർത്താവുന്ന ഇലചെടി എന്നിവയാണു പൂന്തോട്ടത്തിലേറയെുമുളളത്. തണൽ നൽകുവാൻ ഗുൽമോഹറും ചെറിയ മരങ്ങളുമുണ്ട്.
മരങ്ങൾ ആറിനോടു ചേർന്നുള്ള സ്ഥലത്താണു ചേർപ്പുങ്കൽ ഭാഗത്തുള്ള ചകിണി തോടിന്റെ പാലത്തിൽ കന്പികൾ വളച്ച് ആർച്ച് ആകൃതിയിൽ ബേഗേൻവില്ലയും വച്ചുപിടിപ്പിച്ചിട്ടുണ്ട്. പുന്തോട്ടത്തിൽ ഇരിപ്പടങ്ങളും ഉൗഞ്ഞാലുമുണ്ട്. ഇരിപ്പടങ്ങളിലിരുന്നു മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിക്കാനും ധാരാളം ആളുകളാണ് എത്തുന്നത്. കാഴ്ച കാണുന്നതിനൊപ്പം കരിക്കും ഐസ്ക്രിം തുടങ്ങിയവ കഴിക്കുകയും ചെയ്യാം.