തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ കർശനമായ രീതിയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നടപ്പാക്കാൻ നിർദേശം. ഇവിടെ സ്പെഷൽ ഡ്യൂട്ടിക്കായി എസ്എപി കമൻഡാന്റ് ഇൻ ചാർജ് എൽ. സോളമന്റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു.
കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക് എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്കു പരിശോധന നടത്തും.
പൂന്തുറയിൽ ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സന്പർക്കത്തിലും 150 പേർ പുതിയ സന്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് കർശന നടപടികൾ.
പൂന്തുറ മേഖലയിൽ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിനു സാമുദായിക നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.