മൂന്നാർ: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്. പൂപ്പാറ സ്വദേശികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി കഠിന തടവ് വിധിച്ചത്.
കേസിലെ ആറു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ കേസ് തൊടുപുഴ കോടതിയിലേക്കു മാറ്റി.
2022 മേയിലാണ് സംഭവം. ഇടുക്കി പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയിലത്തോട്ടത്തിൽ എത്തിയ പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നയാളെ ക്രൂരമായി മർദിച്ചശേഷമായിരുന്നു പീഡനം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. കൃത്യത്തിന് സഹായം ചെയ്ത നാലാം പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു.
കേസിലെ പ്രതികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്ക് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എ. സിറാജുദീനാണ് 90 വർഷം തടവ് വിധിച്ചത്. ഇവർ നാൽപതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. ഈ തുക പെൺകുട്ടിക്ക് കൈമാറാനും കോടതി വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ എട്ട് മാസംകൂടി ശിക്ഷ അനുഭവിക്കണം.
സംഭവ ദിവസം ഉത്തരേന്ത്യൻ തൊഴിലാളിയായ പെൺകുട്ടിയുടെ സുഹൃത്ത് മഹേഷ്കുമാർ യാദവ് കുട്ടിയെ രാജകുമാരിയിലെ റൂമിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തായ ഖേഎം സിംഗിനൊപ്പം താമസസ്ഥലത്തേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു.
എന്നാൽ, ഇയാൾ കുട്ടിയുമായി പൂപ്പാറയിൽ എത്തി മദ്യം നൽകിയശേഷം പെൺകുട്ടിയെ ഉപദ്രവിച്ചു. ഈ സമയത്താണ് പൂപ്പാറ സ്വദേശികൾ യുവാവിനെ ആക്രമിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കിയത്.