വെളിച്ചെണ്ണയെല്ലാം വെളിച്ചെണ്ണയല്ല ! കേരം തിങ്ങും കേരളനാട്ടില്‍ ലഭിക്കുന്ന വെളിച്ചെണ്ണയില്‍ സര്‍വത്ര കൃത്രിമം; ഒരു ലിറ്ററില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ; കൊള്ളലാഭത്തിനായി ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധം

കേരം തിങ്ങും കേരളനാടിന്റെ സ്വന്തം എണ്ണയാണ് വെളിച്ചെണ്ണ. അന്യസംസ്ഥാനക്കാര്‍ കടുകെണ്ണയും പാമോയിലും പോലുള്ള എണ്ണകള്‍ കൂടുതലായി ഉപയോഗിക്കുമ്പോള്‍ മലയാളികള്‍ക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ വേണം. വെളിച്ചെണ്ണയുടെ അത്ര രുചി മറ്റ് എണ്ണകള്‍ക്കില്ലെന്നാണ് മലയാളികളുടെ പക്ഷം. വെളിച്ചെണ്ണയോടുള്ള  ഇഷ്ടമാണ് ചൂഷകര്‍ മുതലെടുക്കുന്നതും. മറ്റ് എണ്ണകളുടെ ഇരട്ടിവിലയാണ് ഇപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കേരളത്തിലുള്ളത്.

ഈ അവസരം പരമാവധി മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് പല അന്യസംസ്ഥാന വ്യാപാരികളുടെയും ശ്രമം. ഇപ്പോള്‍ കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്.പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടിലെ കങ്കായത്താണു വ്യാജ ഭക്ഷ്യഎണ്ണ ഇത്തരത്തില്‍ ലഭിക്കുന്നത്.

റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്.

നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്. വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം മായം കലര്‍ന്ന വെളിച്ചെണ്ണയുടെ ഉപയോഗം മലയാളികളുടെ ആരോഗ്യം തകര്‍ക്കുമെന്നുറപ്പാണ്.

 

Related posts