മുമ്പെങ്ങും നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതുപോലെ ആളുകളെല്ലാം തങ്ങള്‍ക്കാവും വിധം ദുരന്തബാധിതരെ സഹായിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ നോക്കാതെ സഹായപ്രവാഹം പുരോഗമിക്കുമ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്.
പ്രളയബാധിത പ്രദേശത്ത് എത്തപ്പെട്ട മധ്യപ്രദേശുകാരനായ വിഷ്ണുവിന്റെ നന്മപ്രവൃത്തിയെക്കുറിച്ചറിഞ്ഞപ്പോഴാണ് ബായ് ഇന്ദിരാ കൃഷ്ണന്‍ എന്ന സാധാരണ വിദ്യാര്‍ഥിയെ തന്റെ അക്കൗണ്ടില്‍ ആകെ ബാക്കിയുണ്ടായിരുന്ന തുക സഹായഹസ്തമായി നല്‍കിയത്. വില്‍പ്പനയ്ക്ക് കൊണ്ട് വന്ന കമ്പിളിപ്പുതപ്പുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു കാണിച്ച മനസിന്റെ നന്മ ഇന്ന് കേരളത്തിനാകെ പ്രചോദനമായിരിക്കുകയാണ്.
ആ സ്വാധീനശക്തിയില്‍ പെട്ടാണ് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പോണ്ടിച്ചേരിയില്‍ പഠിക്കുന്ന ഈ മലയാളി വിദ്യാര്‍ഥി ഓണത്തിന് നാട്ടിലേക്ക് വരാന്‍ കരുതി വച്ച 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. അക്കൗണ്ടില്‍ ആകെ അവശേഷിച്ച തുകയാണ് ഈ വിദ്യാര്‍ഥി നല്‍കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കടുത്ത സാമ്പത്തിക പരിമിതികളില്‍പ്പെട്ടിരിക്കുമ്പോഴാണ് പോണ്ടിച്ചേരി സെന്റ്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്നപ്പോളാണ് ജോസഫേട്ടനും (പി. ജോസഫ്) ശ്രീകുമാര്‍ ചേട്ടനും ( ശ്രീകുമാര്‍ ബി മുണ്ടകത്തില്‍) പ്രവീണ്‍ ചേട്ടനും ഒക്കെ ഓടിയെത്തുന്നത്.
അവരുടെസ്‌നേഹം കൊണ്ടുമാത്രമാണ് പോണ്ടിക്കുള്ള വണ്ടിക്കൂലിപോലും കൈയില്‍ വന്നത്. ഹോസ്റ്റല്‍ ഫീയും സെമസ്റ്റര്‍ ഫീയുമൊക്കെ അവര്‍ തന്ന പൈസ കൊണ്ട് അടച്ചു തീര്‍ത്തു. ബാക്കിയുണ്ടായിരുന്ന പൈസ ഓണത്തിന് വീട്ടിലേക്ക് പോകാന്‍ മാറ്റി വച്ചതാണ്.
ട്രെയിന്‍ ബുക്ക് ചെയ്യാന്‍ സേവിംഗ്‌സ് അക്കൗണ്ടിലെ തുക തികയാത്തതിനാല്‍ യാത്ര ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മതിയെന്ന് തീരുമാനമെടുത്തിരിക്കുമ്പോഴാണ് കേരളത്തില്‍ നിന്നും മഴക്കെടുതി വാര്‍ത്തകള്‍ എത്തുന്നത്.
ജീവിതം കൈയില്‍ പിടിച്ച് കുടുംബത്തോടൊപ്പം ഒരു വലിയ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യുന്നത് നിസഹായനായി നോക്കി നില്‍ക്കുവാനെ കഴിയുമായിരുന്നുള്ളൂ.
അപ്പോഴാണ് മധ്യപ്രദേശുകാരന്‍ വിഷ്ണുവിന്റെ കഥ അറിയുന്നത്. വില്‍ക്കാനായി കൊണ്ടുവന്ന മുഴുവന്‍ ബ്ലാങ്കറ്റുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവന്‍. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെകൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 490 രൂപയും CMO Kerala യുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.