സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുമായി പൂരനഗരിയിലെത്തിയാൽ അത് പരിശോധിച്ച് പോലീസ് പൂരം കാണാൻ കടത്തിവിടുമെന്ന് കരുതല്ലേ.
കിട്ടുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്ത ശേഷം കിട്ടുന്ന പാസുണ്ടെങ്കിൽ മാത്രമേ പൂരം കാണാൻ തൃശൂർ റൗണ്ടിലേക്ക് കയറാൻ പറ്റൂ.
കോവിഡ് ജാഗ്രത പോർട്ടലിൽ തൃശൂർ പൂരം പ്രമാണിച്ച് ഫെസ്റ്റിവൽ പാസ് എന്ന പേരിൽ പുതിയ വിൻഡോ തുടങ്ങും.
കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റോ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഫെസ്റ്റിവൽ വിൻഡോയിൽ അപ്ലോഡ് ചെയ്യണം.
ഇത് വെരിഫൈ ചെയ്ത ശേഷം പോലീസ് ഫെസ്റ്റിവൽ പാസ് അനുവദിക്കും. ഈ പാസ് ആയിരിക്കും പൂരം കാണാനെത്തുന്നവർ പരിശോധനയ്ക്കായി കാണിക്കേണ്ടി വരിക.
ലാബുകൾക്ക് പുറമെ ഇനി ഇന്റർനെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും തിരക്കിന് സാധ്യതയേറിയിരിക്കുകയാണ്.