തൃക്കരിപ്പൂർ: ഉത്തരമലബാറിലെ കാവുകളിലും കഴകങ്ങളിലും അരങ്ങേറിവരുന്ന പൂരക്കളിയുടെ അഴക് ഇനി സിനിമയിലും. സുരേഷ് പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ‘ഉൾട്ട’ എന്ന സിനിമയിലാണ് പൂരക്കളിയും എത്തുന്നത്.
പുരുഷകേന്ദ്രീകൃതമായ ഈ കലയിൽ പ്രാവീണ്യം നേടി വന്ന വനിതകളാണ് അഭ്രപാളിയിലേക്ക് ചുവട് വയ്ക്കുന്നത്. തൃക്കരിപ്പൂർ ടൗണിലെ കെഎംകെ സ്മാരക കലാസമിതിയുടെ നേതൃത്വത്തിലുള്ള വനിതാ പൂരക്കളി സംഘത്തിലെ 27 പേരാണ് ചരിത്രത്തിൽ ആദ്യമായാണ് അനുഷ്ഠാന രീതിക്ക് മാറ്റം വരുത്താതെ തനിമയും അവതരണ ഭംഗിയും ചോർന്നു പോകാതെ മാസങ്ങൾക്ക് മുമ്പ് അരങ്ങിലെത്തിച്ചത്.
മലയാള നാടകപ്രവർത്തകർ വിസ്മയമായി നോക്കിക്കണ്ട ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നാടകത്തിനു ശേഷം മറ്റൊരു വിജയമായി മാറുകയാണ് അംഗനമാരുടെ പൂരക്കളി. കറുപ്പും ചുവപ്പും നിറത്തിലുള്ള പ്രത്യേകതരത്തിലുള്ള വസ്ത്രത്തിൽ ഏറെ കായികാധ്വാനവും മെയ്വഴക്കവും ഒത്തുചേർന്നവതരിപ്പിക്കുന്ന വടക്കേ മലബാറിന്റെ ഈ ക്ഷേത്രകല മലയാള സിനിമാ ചരിത്രത്തിൽ ആദ്യ സംഭവമായി മാറുകയാണ്.
ഗോകുൽ സുരേഷ് ഗോപി, പ്രയാഗ മാർട്ടിൻ, രമേഷ് പിഷാരടി, ശാന്തി കൃഷ്ണ, തെസ്നി ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഖസാക്കിന്റെ ഇതിഹാസത്തിലെ അഭിനേതാക്കളായ സി.കെ. സുനിൽ, സുരേഷ്, വിജയൻ എന്നിവരും വനിതാ പൂരക്കളിയിലെ അംഗങ്ങളായ ജിഷ്ണ, അനിത തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഡോ. സുഭാഷ് സിപ്പി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.