തൃശൂർ: ഒരു പൂരവർഷംകൂടി തൃശൂരിലേക്ക് മിഴി തുറക്കുന്നു. ഇനി കണ്ണടച്ച് തുറക്കുന്നത് തൃശൂർ പൂരത്തിലേക്ക്. നാളെയാണ് ലോകം കാത്തിരിക്കുന്ന തൃശൂർ പൂരം. ആശങ്കകൾക്കും കാർമേഘങ്ങൾക്കുമിടയിൽ പൂരം എഴുന്നള്ളി വന്നുകഴിഞ്ഞു. ആനപ്പുറമേറുന്ന ചമയപ്രദർശനങ്ങൾ പാറമേക്കാവ് തിരുവന്പാടി വിഭാഗങ്ങൾ ആരംഭിച്ചതോടെ പൂരപ്രേമികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങി.
കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റിയ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അടഞ്ഞുകിടന്ന തെക്കേഗോപുരവാതിൽ തള്ളിത്തുറന്നതോടെ ആരവമുയരുകയായി. പൂരവാതിൽ തുറന്നിട്ടത് കുടമാറ്റത്തിന്റെ വർണനീരാട്ട് നടക്കുന്ന തെക്കേചെരുവിലേക്ക്, നാളെ ഒഴുകിയെത്തുന്ന ജനസാഗരത്തിലേക്കാണ്.
നഗരമാകെ നാളെ പൂരം നിറയും. പുരുഷാരവും, ഇടച്ചങ്ങലയുടെ കിലുക്കവും ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമണിഞ്ഞ് തലയെടുപ്പിന്റെ കരിവീരരും സുകൃതം ചെയ്ത വിരലുകൾ തീർക്കുന്ന മേളവും കുടകളുടെ സൗന്ദര്യമത്സരവും മാനത്തു നിറയുന്ന കരിമരുന്നിന്റെ പൂരവും തേക്കിൻകാട്ടിൽ വർണപ്പൂമരം തീർക്കും.
ദേശം കടന്നെത്തുന്ന അതിഥികളെയും, വീട്ടുകാരെന്ന ദേശക്കാരെയും സ്വീകരിക്കാൻ നിറഞ്ഞ മനസോടെ സ്വരാജ് റൗണ്ടിലെ പന്തലുകൾ തലയുയർത്തി നിൽക്കുന്നുണ്ട്. പന്തലുകൾക്ക് ഇത്തവണ അഴകും മിഴിവും കൂടിയിട്ടുണ്ട്. പൂരം എഴുന്നെള്ളത്തിനുള്ള ഗജരാജ·ാരുടെ ഫിറ്റ്നസ് പരിശോധന കാണാൻ ആനപ്രേമികളും പൂരപ്രേമികളും തേക്കിൻകാട്ടിൽ ചുറ്റിയടിക്കുകയാണ്.
വൈകീട്ട് കുളിച്ച് കുറിതൊട്ട കൊന്പരെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടും. തിരുവന്പാടിയുടെ ഗജവീരർ സിഎംഎസ് സ്കൂളിനു മുന്നിലെ തേക്കിൻകാട് ഭാഗത്തും. പാറമേക്കാവ് വിഭാഗത്തിന്റെ ആനകൾ ക്ഷേത്രഗോപുരത്തിനു മുന്പിലും ദേവസ്വംപറന്പിലും അണിനിരക്കും. നഗരം പൊലീസിന്റെ കനത്ത നിരീക്ഷണത്തിലാണ്.
നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരപ്പറന്പിലെത്തി പൂരത്തെ വിളിച്ചുണർത്തും. തുടർന്ന് ഘടകപൂരങ്ങൾ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കെത്തും. രാവിലെ പതിനൊന്നിന് പൂരപ്രേമികൾ കാത്തിരിക്കുന്ന തിരുവന്പാടിയുടെ മഠത്തിൽ വരവ്. പ്രസിദ്ധമായ പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രാമാണിത്വം വഹിക്കും. 12.30ന് പാറമേക്കാവിന്റെ പുറത്തേക്കെഴുന്നള്ളിപ്പ്.
പെരുവനം കുട്ടൻമാരാരുടെ ചെന്പടമേളത്തിന്റെ അകന്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്. എഴുന്നള്ളിപ്പ് ഇലഞ്ഞിത്തറയിലെത്തുന്നതോടെ രണ്ടിന് ആയിരങ്ങൾ കാതുകൂർപ്പിക്കുന്ന ലോക പ്രശസ്ത ഇലഞ്ഞിത്തറ മേളത്തിന് കോൽ വീഴും. ഇതിനിടെ കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണിത്വത്തിൽ നടക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് തുടരും.
ഇലഞ്ഞിത്തറ മേളത്തിന് സമാപ്തിയാകുന്നതോടെ തെക്കേഗോപുര നടയിലേക്ക് ഇരു വിഭാഗങ്ങളും വർണങ്ങളൂടെ കുടമാറ്റത്തിന് മുഖാമുഖം നിൽക്കും. ഇരുവിഭാഗത്തിലും 15 വീതം ഗജവീരൻമാർ അണിനിരക്കും. കുടമാറ്റത്തിനുശേഷം രാത്രി വീണ്ടും എഴുന്നള്ളിപ്പുകളും ചടങ്ങുകളുടെയും ആവർത്തനം. പുലർച്ചെ മൂന്നിന് ആകാശത്ത് വർണക്കൂട്ടുകളുടെ വെടിക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതുവരെ ഇനി നഗരവീഥികളിലും മണ്തരികളിലും പൂരം നിറഞ്ഞു നിൽക്കും.