സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന് അനുമതി നൽകാൻ തയ്യാറാകാതെ അധികൃതരും പൂരത്തിന് എക്സിബിഷനില്ലാതെ പറ്റില്ലെന്ന് ദേവസ്വങ്ങളും.പൂരം പ്രദർശനത്തിന് അനുമതി നൽകിയാൽ അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്.
ജില്ല ഭരണകൂടവും ഇതേ കാരണത്താലാണ് പൂരം എക്സിബിഷന് അനുമതി നൽകാൻ മടിക്കുന്നത്.നിയന്ത്രണങ്ങളോടെ പൂരം എക്സിബിഷൻ നടത്താമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അതിന് ദേവസ്വങ്ങളും പൂരം പ്രദർശന സമിതിയും സമ്മതം മൂളിയിട്ടില്ല.
പാർട്ടി സമ്മേളനം നടത്തുന്ന പോലെയല്ല എക്സിബിഷൻ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മണിക്കൂറുകൾ തുറന്ന സ്ഥലത്ത് സമ്മേളനം നടത്തുന്നതും പൂരം പ്രദർശനം നടത്തുന്നതും വ്യത്യസ്തമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കലക്ടർ വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങൾ തങ്ങൾ വ്യക്തമാക്കിയതാണെന്നും അധികൃതർ പറഞ്ഞു. ജില്ല ഭരണകൂടവും പോലീസുമെല്ലാം ആരോഗ്യവകുപ്പ് ഉന്നയിച്ച കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്.
പൂരത്തിന് മുൻപ് എക്സിബിഷൻ ആരംഭിക്കുന്പോൾ ഏതെങ്കിലും കാരണത്താൽ കോവിഡ് വ്യാപനമുണ്ടാവുകയും കണ്ടെയ്ൻമെന്റ് സോണും ക്ലസറ്ററുമൊക്കെ രൂപപ്പെടുകയും ചെയ്താൽ പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും അതിനാൽ പൂരം പ്രദർശനം ഒഴിവാക്കി പൂരം നടത്തുകയാണ് വേണ്ടതെന്നുമാണ് ആരോഗ്യവകുപ്പ് നിലപാടെടുത്തിരിക്കുന്നത്.
അഥവാ പൂരം പ്രദർശനം നടത്തണമെങ്കിൽ മണിക്കൂറിൽ നിശ്ചിത എണ്ണം ആളുകളെ മാത്രം പ്രദർശന നഗരിക്കകത്തേക്ക് കടത്തിവിട്ട് അവരെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ പുറത്തിറക്കിയ ശേഷം മാത്രം അടുത്ത സംഘത്തെ അകത്തേക്ക് പ്രവേശിപ്പിക്കുക എന്ന നിർദ്ദേശം ആരോഗ്യവകുപ്പിനുണ്ട്.
പൂരം പ്രദർശനമില്ലാതെ പൂരം നടത്തുക അസാധ്യമാണെന്ന നിലപാടാണ് ദേവസ്വങ്ങൾ കൈക്കൊള്ളുന്നത്.