സ്വന്തം ലേഖകൻ
തൃശൂർ: പെയ്തിറങ്ങുന്ന പൂരത്തിന് പകരം ചാറ്റൽമഴ പോലുള്ള തൃശൂർ പൂരം നാളെ. കോവിഡ് കവർന്നെടുത്ത കഴിഞ്ഞ പൂരത്തിൽ നിന്ന് കുറച്ചൊക്കെ പൊട്ടുംപൊടിയുമായി തിരിച്ചുകിട്ടിയപ്പോൾ അതുവെച്ച് നടത്തുന്ന പൂരമാണ് നാളത്തേത്.
പൂരനഗരിയും പൂരക്കന്പക്കാരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനാണ് നാളെ ഏവരും വീടുകളിലിരുന്ന് സാക്ഷിയാവുക.കോവിഡ് വ്യാപനത്തിന്റെ ഭീതിയിൽ ചടങ്ങ് മാത്രമായി വെട്ടിച്ചുരുക്കി, ആൾക്കൂട്ടത്തോട് കടക്കൂപുറത്ത് എന്ന് നിർദ്ദേശിച്ച് നടത്തുന്ന തൃശൂർ പൂരത്തിലേക്കാണ് ഇന്ന് ഇരുട്ടി വെളുത്താൽ തൃശൂർ കണ്തുറക്കുക.
അതുകൊണ്ടുതന്നെ ഇത്തവണത്തെ തൃശൂർ പൂരം അക്ഷരാർത്ഥത്തിൽ ചരിത്രത്തിലേക്കാണ് തിടന്പേറ്റി നടന്നുകയറുന്നത്.നാളെ പതിവുപോലെയുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കി പേരിനു മാത്രമായി നടത്താനാണ് തിരുവന്പാടിപാറമേക്കാവ് ദേവസ്വങ്ങളും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
പാറമേക്കാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ എഴുന്നള്ളിപ്പുകൾ ഒരാനപ്പുറത്താക്കി ചുരുക്കിയിട്ടുണ്ട്. പാറമേക്കാവ് പതിനഞ്ചാനകളെ പതിവുപോലെ എഴുന്നള്ളിച്ച് പൂരം നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.പാറമേക്കാവ് വിഭാഗത്തന്റെ ഉച്ചയ്ക്കുള്ള പൂരം പുറപ്പാട്, ഇലഞ്ഞിത്തറ മേളം എന്നിവയെല്ലാം നടത്തുമെന്നും എന്നാൽ വിപുലമായി നടത്തില്ലെന്നുമാണ് ദേവസ്വം ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
തെക്കോട്ടിറക്കവും തിരുവന്പാടിപാറമേക്കാവ് ഭഗവതിമാരുടെ മുഖാമുഖമുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കുടമാറ്റം പേരിനു മാത്രം നടത്തി ഒന്നോ രണ്ടോ കുടകൾ മാറ്റും. കുടമാറ്റത്തിന്റെ സമയദൈർഘ്യം ചുരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
24ന് പുലർച്ചെയുള്ള വെടിക്കെട്ട ഇരുവിഭാഗവും മുടക്കമില്ലാതെ നടത്തുമെന്നാണ് ഇതുവരെയുള്ള വിവരം.
വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതിനാൽ ഇവ നിർവീര്യമാക്കാൻ എളുപ്പമല്ലെന്നും അതിനാൽ വെടിക്കെട്ട് നടത്തണമെന്നുമാണ് ദേവസ്വങ്ങൾ നിലപാടെടുത്തിരിക്കുന്നത്. വെടിക്കെട്ടിന് നേരത്തെ തന്നെ പെസോയുടെ അനുമതി ലഭിച്ചിരുന്നു. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.
24നുള്ള പകൽപൂരം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
പൂരം കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആളുകളെ തടയാനും നിയന്ത്രിക്കാനുമായി 47 പോയന്റുകളാണ് തൃശൂർ സ്വരാജ് റൗണ്ടിലും ഒൗട്ടർ സർക്കിൾ റോഡുകളിലുമായി പോലീസ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം ബാരിക്കേഡുകൾ എത്തിച്ചു കഴിഞ്ഞു.
രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൾട്ടോ ഉള്ള സംഘാടകർ, സർക്കാർ ഉദ്യോഗസ്ഥർ, പൂരത്തിനെത്തുന്ന കലാകാരൻമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും റൗണ്ടിലേക്ക് പൂരം ദിവസം പ്രവേശനം.
രണ്ടായിരത്തോളം പോലീസുകാരായിരിക്കും പൂരം ദിവസം നഗരവും പരിസരവും നിയന്ത്രിക്കുക.ആൾക്കൂട്ടവും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ, മേളപ്പെരുക്കങ്ങൾക്കൊപ്പം ഉയരുന്ന കൈവിരൽ താളക്കാഴചകളില്ലാതെ, മേടവെയിലേറ്റ് പൂരപ്പറന്പിൽ അലയാതെ ഒരു പൂരം വന്നണയുകയാണ്….കാണാൻ പോകുന്നത് കാണാത്ത പൂരമാണ്….സാക്ഷിയാകേണ്ടത് ചരിത്രമാകുന്ന പൂരങ്ങളുടെ പൂരത്തിനാണ്.