തൃശൂർ: ചടങ്ങുകൾക്കു മുടക്കം വരാതെ തൃശൂർ പൂരം സുഗമമായി നടത്താൻ സർക്കാർ അനുമതി. ഇന്നലെ വൈകീട്ട് അഞ്ചിനു ചീഫ് സെക്രട്ടറി വി.പി. ജോയ് വിളിച്ച ഓൺലൈൻ യോഗത്തിലാണു തീരുമാനം.
കോവിഡ് മാനദണ്ഡമനുസരിച്ച് തേക്കിൻകാട് മൈതാനിയിലേക്കും പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്ന വേദികളിലേക്കും ആളുകളുടെ പ്രവേശനം നിയന്ത്രിക്കും. വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കും.
15 ആനകളെ വീതം എഴുന്നള്ളിക്കാനും പൂരം പ്രദർശനത്തിനും അനുമതി നൽകി. സാന്പിൾ വെടിക്കെട്ട് ഉൾപ്പെടെ നടത്തും. ഏപ്രിൽ 23 നാണ് തൃശൂർ പൂരം. പൂരം പ്രദർശനം പത്തിന് ആരംഭിക്കും.
പൂരം എക്സിബിഷനിലേക്കുള്ള പൊതുജന പ്രവേശനം ഓണ്‍ലൈൻവഴി നടത്താനാകുമോ എന്നു ചീഫ് സെക്രട്ടറി യോഗത്തിൽ ആരാഞ്ഞു. ഇതു പ്രായോഗികമാകില്ലെന്നു പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ അറിയിച്ചതിനെതുടർന്നു നിലവിലെ രീതി തുടരാൻ തീരുമാനിച്ചു.
പ്രദർശന വേദിയിലേക്കുള്ള പൊതുജന പ്രവേശനം ഘട്ടംഘട്ടമാക്കിയാകും നടത്തുക. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് അധികൃതർ നിലപാടെടുത്തുവെങ്കിലും ദേവസ്വങ്ങൾക്ക് ഒരുക്കങ്ങൾ നടത്താൻ സമയം വേണമെന്നതു പരിഗണിച്ചു നടപടികളുമായി മുന്നോട്ടുപോകാൻ അനുമതി നൽകുകയായിരുന്നു.
തുടർചർച്ച നടത്തും.പൂരത്തിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് കളക്ടർ, ഡിഎംഒ, എസ്പി, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.