തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു.
കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല. മഠത്തിൽവരവും തെക്കോട്ടിറക്കത്തിനുമെല്ലാം ഒരാനപ്പുറത്തുതന്നെയായിരിക്കും ചടങ്ങുകൾ.
തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി യോഗം ചേർന്ന് ആളുകളുടെ സുരക്ഷ കണക്കിലെടുത്തു പൂരം ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനമെടുത്തത്.
ചമയപ്രദർശനം ഉണ്ടാകില്ല. ചൊവ്വാഴ്ച നടത്തുന്ന സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാണുണ്ടാകുക. പൂരം വെടിക്കെട്ടും ചടങ്ങായിമാത്രം നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.
അതേസമയം, പൂരം നടത്താൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുന്ന സാഹചര്യത്തിൽ ആഘോഷത്തിന് ഒട്ടും കുറവു വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
15 ആനപ്പുറത്തുതന്നെ പൂരം നടത്തും. ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റവും നടത്തും. മുപ്പതു സെറ്റ് കുടകളാണ് നിർമിച്ചിരിക്കുന്നത്.
പൂരത്തിലേക്ക് ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവശനമുണ്ടാകില്ല. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നുമാണ് തീരുമാനം. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.