സ്വന്തം ലേഖകൻ
തൃശൂർ: ആൽമരക്കൊന്പ് ഒടിഞ്ഞുവീണുണ്ടായ ദുരന്തത്തെുടർന്ന് തൃശൂർ പൂരത്തിനു തേങ്ങലോടെ ഉപചാരം ചൊല്ലി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും തേക്കിൻകാട് മൈതാനിയിലെ വെടിക്കെട്ടു മേഖലയിൽ നിറച്ചുവച്ച ഡൈനകളും അടയ്ക്കാപ്പെട്ടികളും ഗുണ്ടുകളും അടക്കമുള്ള വെടിക്കോപ്പുകൾ പൊട്ടിച്ചുതീർത്തു.
പൂരത്തിന്റെ സമാപനം കുറിച്ചുകൊണ്ടു ഇന്നു രാവിലത്തെ പകൽപ്പൂരവും ഉപചാരംചൊല്ലി പിരിയലും ചടങ്ങു മാത്രമാക്കി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഒരാനയെ മാത്രം എഴുന്നെള്ളിച്ചാണു ഉപചാരം ചൊല്ലിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ നടക്കാറുള്ള ഉപചാരം ചൊല്ലൽ രാവിലെ പത്തോടെ പൂർത്തിയാക്കി.
തിരുവന്പാടിയുടെ മേളത്തിനിടയിലേക്കു മരച്ചില്ല ഒടിഞ്ഞുവീണുണ്ടായ അപകടം നടക്കുന്പോൾ പൂരം വെടിക്കെട്ടിനായുളള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയായിരുന്നു. എല്ലാ കുഴികളിലും ഡൈനകളും ഗുണ്ടുകളുമെല്ലാം നിറച്ചു. വെടിമരുന്നിടുകയും ചെയ്തു. അതുകൊണ്ട് അവ പൊട്ടിച്ചു തീർക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പുലർച്ചെ നാലരയോടെ തിരുവന്പാടിയുടെയും അഞ്ചരയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ചു. വെടിക്കെട്ടു കാണാൻ കാര്യമായി ആരും നഗരത്തിൽ ഉണ്ടായിരുന്നില്ല. വെടിക്കോപ്പുകൾ കത്തിച്ചെങ്കിലും അമിട്ടുകൾ പൊട്ടിച്ചിട്ടില്ല. ദുരന്ത സാഹചര്യത്തിൽ അവ മാറ്റിവച്ചിരിക്കുകയാണ്. അമിട്ടുകളുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.
പൂരത്തിനു സമാപനം കുറിച്ചുകൊണ്ട് രാവിലത്തെ പകൽപൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചടങ്ങു മാത്രമാക്കി ഒരാനയെ മാത്രം എഴുന്നള്ളിച്ചു പൂരത്തിനു സമാപനമാക്കുകയായിരുന്നു. മേളക്കാരുടെ എണ്ണത്തിലും കുറവ് വരുത്തി.