സ്വന്തം ലേഖകൻ
തൃശൂർ: 36 മണിക്കൂർ നീളുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് 24 മണിക്കൂർ കൊണ്ടൊരു തീം സോംഗ് ഒരുക്കി തൃശൂരിലെ നാലു കൂട്ടുകാർ. പൂരങ്ങളുടെ പൂരം എന്ന ടൈറ്റിലിൽ ഒരുക്കിയ തീം സോംഗ് സോഷ്യൽമീഡിയയുടെ സർവ സാധ്യതകളും ഉപയോഗിച്ചാണ് തയ്യാറാക്കിയത്.
ഒരു തവണ പോലും പൂരം കണ്ടിട്ടില്ലാത്തയാളാണ് പൂരങ്ങളുടെ പൂരത്തിന് പാട്ടെഴുതിയത്. സംഗീതം ആദ്യമായി അയച്ചത് വാട്സാപ്പിൽ. വരികളും ഈണവും ഗായകന് ചെന്നൈക്ക് അയച്ചതും വാട്സാപ്പിലൂടെ. പാട്ടുപാടി തിരിച്ചയതും വാട്സാപ്പ് വഴി തന്നെ. പോയകാല പൂരങ്ങളുടെ വിഷ്വലുകൾ കൂടി ചേർത്തതോടെ പൂരങ്ങളുടെ പൂരം എന്ന മ്യൂസിക് വീഡിയോ ആൽബം പൂരത്തിന്റെ തീം സോംഗായി കൂട്ടുകാർ ആസ്വാദകർക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു.
അയ്യന്തോൾ സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ രാജേഷ് ഡ്രീം ബാങ്കിന്റെ ആശയം സുഹൃത്തുക്കളായ വയലിനിസ്റ്റ് ഡോ. രതീഷ് മേനോൻ, യുവ എൻജിനീയറും ബിൽഡറുമായ ഷാജു ചേലാട്ട്, മാധ്യമപ്രവർത്തകൻ ഷാജൻ ആലുവ എന്നിവർ ചേർന്നാണ് യാഥാർത്ഥ്യമാക്കിയത്. പാട്ടെഴുതിയത് ഷാജന്റെ സുഹൃത്തായഎറണാകുളം മഞ്ഞുമ്മൽ സ്വദേശിയും റവന്യൂ ഉദ്യോഗസ്ഥനും തിരക്കഥാകൃത്തുമായ ജെയ്സണ് ടി ജോണ് ആണ്.
പൂരം കണ്ടിട്ടില്ലാത്ത ജെയ്സണ് വരികളിൽ നിറക്കേണ്ട പൂരക്കാഴ്ചകൾ തൃശൂരിൽ നിന്ന് അയച്ചുകൊടുത്തു. പൂരത്തിന്റെ കാഴ്ചകളെല്ലാം ചെറുവരികളിൽ ആവാഹിച്ച് ജെയ്സണ് ഗാനം തയ്യാറാക്കി. ശക്തൻ തന്പുരാൻ പൂരം കൊണ്ടുവന്ന കഥ മുതൽ അടുത്ത പൂരത്തിന് കാണാമെന്ന് പറഞ്ഞ് ജനസാഗരവും ഭഗവതിമാരും പിരിയും വരെയുള്ള കാര്യങ്ങൾ വരികളിൽ പാട്ടായി വിരിഞ്ഞു. ഡോ.രതീഷ് മേനോനാണ് ഈണം ചിട്ടപ്പെടുത്തിയത്. ചിട്ടപ്പെടുത്തിയ ഈണത്തിന് അനുയോജ്യമാകും വിധമാണ് വരികൾ എഴുതിയത്.
വരികളും ട്യൂണും ചെന്നൈയിലായിരുന്ന ഗായകൻ രാംദാസ് വാരിയർക്കു അയച്ചുകൊടുക്കുകയും അവിടെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു തിരികെ അയക്കുകയും ചെയ്തു. തൃശൂരിൽ ശുഭ ശ്രീ സ്റ്റുഡിയോയിൽ വച്ചായിരുന്നു തീം സോംഗിന്റെ ഫൈനൽ മിക്സിംഗ് നടന്നത്.
പൂരത്തിന്റെ പഴയ വിഷ്വലുകൾ ചേർത്ത് രാജേഷ് ഡ്രീം ബാങ്കിന്റെ സംവിധാനത്തിൽ ഷാജൻആലുവ എഡിറ്റിംഗ് നിർവഹിച്ചതോടെ “പൂരങ്ങളുടെ പൂരം’ എന്ന വിഷ്വൽ ആൽബം കൂടി പൂർണമായി. സാന്പത്തിക സഹായം ചെയ്തത് ഷാജു ചേലാട്ടാണ്.യൂ ട്യൂബിലും വാട്സാപ്പിലുമൊക്കെ ഈ പാട്ട് പ്രചരിക്കുന്നുണ്ട്. പൂരക്കാലത്ത് പൂരപ്രേമികളിൽ ആവേശം നിറയ്ക്കാൻ ഈ കൂട്ടുകാരുടെ ഈ കൊച്ചുപാട്ടിനായിട്ടുണ്ട്.