സ്വന്തം ലേഖകൻ
ചേർപ്പ്: എഴുപതിലേറെ ആനകൾ നിരക്കുന്ന ആറാട്ടുപുഴ പൂരം നാളെ. 24 ദേവീദേവ·ാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേള എന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള പീടികപറന്പ് ആനയോട്ടത്തിൽ കോടനൂർ ശാസ്താവിന്റെ തിടന്പ് ഏറ്റിയ ഗൗരിനന്ദൻ ഒന്നാം സ്ഥാനത്തെത്തി.
നാളെ തൊട്ടിപ്പാൾ പകൽപൂരത്തിനുശേഷം ആറാട്ടുപുഴ ശാസ്താവ് വൈകുന്നേരം നാലോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾക്കും ശ്രീഭൂതബലിക്കുശേഷം ആറിന് സർവാഭരണ വിഭൂഷിതനായി 15 ആനകളുടെ അകന്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. പഞ്ചാരിമേളത്തിലേക്ക് ജനം ഒഴുകിയെത്തുന്നതോടെ പൂരത്തിനു തുടക്കമായി. രാത്രി വെടിക്കെട്ടിനുശേഷം രാത്രി എഴുകണ്ടംവരെ പോയി മടങ്ങും.
രാത്രി 11 ന് തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തംകുടം ശാസ്താവ് ഏഴാനകളും പഞ്ചാരിമേളവുമായി എഴുന്നള്ളും. നെട്ടിശേരി ശാസ്താവ് അഞ്ചാനകളുടം പാണ്ടിമേളവുമായി എഴുന്നള്ളും. അർധരാത്രിയോടെ അഞ്ചാനകളും പഞ്ചാരിയുമായി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ്.പുലർച്ചെ ഒരുമണിയോടെ പുനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ചാനകളുമായി എഴുന്നള്ളും. അന്തിക്കാട്, ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുമായി എത്തും.
ദേവമേളയ്ക്കു നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തും. പല്ലിശേരി സെന്റർ മുതൽ കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകന്പടി. പഞ്ചവാദ്യമാണു മേളം. പിറകേ 21 ആനകളുമായി എഴുന്നള്ളിപ്പു തുടരുന്പോൾ പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പിനു തുടക്കമാകും.
പാണ്ടിമേളം അവസാനിക്കുന്നതോടെ ഇടതു വശത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം ഉൗരകത്തമ്മ തിരുവടിയും വലതുവശത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്പോൾ ആനകളുടെ എണ്ണം എഴുപതിലധികമാകും. തേവർ കൈതവളപ്പിൽ വന്നാൽ ആറാട്ട് തുടങ്ങുകയായി.
ആദ്യം കടലാശേരി പിഷാരിക്കൽ ഭഗവതിയാണ് ആറാടുക. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളിപറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഉൗരകത്തമ്മ തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരംകടവിലേക്ക് എഴുന്നള്ളും.