സ്വന്തം ലേഖകൻ
തൃശൂർ: ആഘോഷമാക്കാനിരുന്ന പൂരത്തെക്കുറിച്ച് തൃശൂർ ജില്ല കളക്ടർ എസ്. ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂപ്പർഹിറ്റ്. തൃശൂർ പൂരം ഉപേക്ഷിച്ച കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടാണു കളക്ടർ താൻ പൂരം ഭംഗിയാക്കാൻ തയാറെടുത്തിരുന്നതായി മനസു തുറക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ…..
തൃശൂർ പൂരം നടത്തുക എന്നത് ഒരു കളക്ടറെ സംബന്ധിച്ചു വളരെ വലിയ കാര്യമാണ്. പൂരം നടത്തുക എന്നതു ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നല്ല അനുഭവങ്ങൾ കൂടി തരുന്നു. പൂരത്തെക്കുറിച്ചു ഒരുപാടു ധാരണകൾ ഉണ്ടാ യിരുന്നു.
കൂടുതൽ മിഴിവോടെ, സുരക്ഷയോടെ, ആരവത്തോടെ പൂരം നടത്തണം എന്നായിരുന്നു ആഗ്രഹം. പൂരവിളംബരം മുതൽ ഉപചാരം ചെല്ലുന്നതുവരെ ഒരു പൂരപ്രേമി എന്ന നിലയിൽ കൂടി തൃശൂർക്കാർക്കൊപ്പം നിൽക്കണമെന്നായിരുന്നു.
നമ്മുടെ ലോകവും രാജ്യവും നാടും നേരിടുന്ന ഈ മഹാമാരിയെ തകർക്കുന്നതിന് ഈ വർഷത്തെ പൂരം നമുക്കു മറക്കേണ്ടിയിരിക്കുന്നു . തൃശൂർ ജനതയ്ക്കൊപ്പം പൂരപ്രേമികൾക്കൊപ്പം ഞാനും അണിചേരുന്നു .. ഒരു നന്മക്കായ്… അടുത്ത പൂരത്തിനായ്…
കളക്ടറുടെ എഫ്ബി പോസ്റ്റിനു കമന്റുകളായും മറുപടികളായും ലോകമെന്പാടുമുള്ള പൂരപ്രേമികളുടെ കട്ട സപ്പോർട്ടും
ഉണ്ട് . അടുത്ത പൂരം അടിച്ചുപൊളിക്കണമെന്നുള്ള ആഹ്വാനമാണ് ഏറെ.
വീണ്ടുമൊരു പൂരക്കാലം വരും നാടും നഗരവും ഒരുങ്ങും അന്ന് അങ്ങയുടെ സാന്നിധ്യവും മുൻപന്തിയിൽ ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസത്തിൽ നാടിനൊപ്പം.. എന്നുള്ള കമന്റും ശ്രദ്ദേയമാണ്…