തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു.
പൂരോൽസവങ്ങളുടെ നിലനിൽപ്പിനായി സർക്കാർ തലത്തിലും, കോടതി മുഖേനെയും നിയമ നടപടികൾക്കായി ഇറങ്ങുകയാണെന്നും പൂരപ്രേമിസംഘം അറിയിച്ചു. കപട മൃഗസ്നേഹി സംഘടനകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഉത്സവ ആഘോഷങ്ങളിലെ എഴുന്നെള്ളിപ്പ് നിരോധനം എന്നുള്ളത്. ഇപ്പോൾ വന്ന കോടതി വിധി അത് ഫലത്തിൽ സാധ്യമാക്കി എന്ന് നിസംശയം പറയാമെന്ന് പൂരപ്രേമിസംഘം അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആന എഴുന്നെള്ളിപ്പുകൾ ഇല്ലാതാക്കുന്ന തരത്തിലുള്ള ഹൈക്കോടതി വിധി നിയമപരമായി എല്ലാ ഉത്സവക്കമ്മിറ്റികളും പൂരപ്രേമികളും, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും എതിർക്കേണ്ടതാണെന്നും വലിയ നിയമ യുദ്ധം തന്നെ ഇതിനായി നടത്തേണ്ടതുണ്ടെന്നും പൂരപ്രേമിസംഘം ഇതിനു തുടക്കമിടുകയാണെന്നുംപൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടെംകാവിൽ, ഭാരവാഹികളായ നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍ എന്നിവർ അറിയിച്ചു.
തൃശൂർ പൂരം അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന വിദേശ ശക്തികൾ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂര പ്രേമി സംഘം കണ്‍വീനർ വിനോദ് കണ്ടെംകാവിൽ പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണിത്. കേരളത്തിലേക്ക് 200ൽ അധികം ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.