തൃശൂർ: ഒരു ചിത്രം വരയ്ക്കാനെന്താണ് വേണ്ടത് എന്ന ചോദ്യത്തിനു ചായവും ബ്രഷും എന്നാണുത്തരമെങ്കിൽ തെറ്റി.
പച്ചിലകളും ചോക്കും കരിയും മാത്രമുപയോഗിച്ച് ഒരുഗ്രൻ ചുമർചിത്രം വരയ്ക്കാമെന്നു കാണിച്ചുതരികയാണ് പൂരത്തിരക്കിനിടയിലും തിരുവനന്തപുരം സ്വദേശിയായ സദാനന്ദൻ.
ആനച്ചന്തവും ഇലഞ്ഞിത്തറ മേളവുമെല്ലാം നിറഞ്ഞാസ്വദിക്കാനെത്തിയ പൂരപ്രേമികൾക്കു മുന്നിൽ മലയാളിയുടെ ഓർമകളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണചിത്രം വരച്ചാണ് പൂരത്തിനെത്തിയവരുടെ ശ്രദ്ധ ആകർഷിച്ചത്.
ചിത്രം വരയ്ക്കാനുള്ള സാമഗ്രികളൊന്നും കൈയിലില്ലാത്ത സദാനന്ദൻ വല്ലഭനു പുല്ലും ആയുധം എന്നു പഴമക്കാർ പറയുന്നതുപോലെ കൈയിൽ കിട്ടിയതെല്ലാം വരയ്ക്കുള്ള ആയുധങ്ങളാക്കി മാറ്റിയാണ് കലാവിരുത് തെളിയിച്ചത്. കാഴ്ചക്കാർ നല്കുന്ന സംഭാവനകളിലൂടെ ലഭിക്കുന്ന പണമാണ് ഇദ്ദേഹത്തിന്റ ജീവനോപാധി. വരയ്ക്കാനായി ആരോ വാങ്ങി നല്കിയ ചോക്കും സന്തോഷപൂർവം സ്വീകരിച്ചു.