തൃശൂർ: തൃശൂർ പൂരം കലക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നുവെന്ന് തൃശൂർ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ.എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുരളി സർക്കാരിനെതിരേ ആഞ്ഞടിക്കുകയാണ്.
ബിജെപി എംപിയെ ലോക്സഭയിലേക്ക് അയയ്ക്കാനുള്ള സന്ദേശം കൈമാറിയ കൂടിക്കാഴ്ചയെന്നാണ് മുൻ എംപി കൂടിയായ മുരളി അഭിപ്രായപ്പെട്ടത്. സിപിഎം ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ ഗ്രൗണ്ടിന്റെ തറ വാടക രണ്ടു കോടിയായി ഉയർത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്ന് കെ. മുരളീധരൻ ആരോപിച്ചു.
35 ലക്ഷം രൂപയായിരുന്ന തറവാടക രണ്ടു കോടിയാക്കി ഉയർത്തി. അതിൽ പ്രതിഷേധിച്ച് തൃശൂർ എംപിയായിരുന്ന ടി.എൻ. പ്രതാപൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും മുരളി ഓർമിപ്പിച്ചു. ഒരു കാരണവശാലും പൂരം മുടക്കാൻ കഴിയില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു.
രണ്ട് കോടി തറവാടക കൊടുത്ത് പൂരം നടത്തില്ലെന്ന് തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി യോഗം വിളിച്ച് 45 ലക്ഷത്തിന് തറവില നിശ്ചയിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.പൂരം കലക്കി ജനവികാരം ബിജെപിക്ക് അനുകൂലമാക്കി. അതിന്റെ ഫലമായി സുരേഷ് ഗോപിയെ വിജയിപ്പിച്ചു.
ആർഎസ്എസിനെ എതിർക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും. അത്തരത്തിൽ ആർഎസ്എസിന്റെ ഉന്നതനെ ഐപിഎസ് ഉദ്യോഗസ്ഥൻ കാണാൻ പോകുന്പോൾ ബോസായ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആർഎസ്എസിനെ അറിയിച്ചത്.
കേരളത്തിൽ നിന്നു ലോക്സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവയ്ക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷല്ല മറുപടി പറയേണ്ടത്.
മുഖ്യമന്ത്രിയാണ്. ഒളിച്ചുകളിക്കുകയാണ് മുഖ്യമന്ത്രി. തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കിൽ അവരെ എൽഡിഎഫ് അവിടെയും വിജയിപ്പിച്ചേനെ. മുഖ്യമന്ത്രി നെറികെട്ട രീതി സ്വീകരിക്കാൻ പാടില്ലായിരുന്നു. രാജിയിൽ കുറഞ്ഞതൊന്നും പാപത്തിനു പരിഹാരമാകില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.