തൃശൂർ: പൂരക്കുടകൾ അവസാന മിനുക്കുപണിയിൽ. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽനിന്ന് എത്തിച്ച പട്ടും സാറ്റിനും വെൽവെറ്റുമെല്ലാം ഉപയോഗിച്ചാണ് കുട ഒരുക്കുന്നത്. അപൂർവ നിറങ്ങളിലുള്ള തുണികൾ ഇരുവിഭാഗവും എത്തിച്ചിട്ടുണ്ട്. ഓരോ കുടയ്ക്കും അലുക്കുകൾ തുന്നിപ്പിടിപ്പിക്കുന്ന പണികളാണു പുരോഗമിക്കുന്നത്.
തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 വീതം ആനപ്പറത്ത് ഉയർത്താൻ അന്പതു സെറ്റു വീതം കുടകളാണ് ഇരുവിഭാഗവും തയാറാക്കുന്നത്. പൂരം നാളിൽ ആനപ്പുറമേറുന്നത് മൊത്തം 1,500 കുടകൾ. പട്ടുക്കുടകളും മുത്തുക്കുടകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
കുടമാറ്റത്തിന്റെ അവസാന മത്സര മുഹൂർത്തത്തിലേക്കായി സജ്ജമാക്കുന്ന സ്പെഷൽ കുടകൾ വേറെ. ഇവ ഓരോ വിഭാഗത്തിന്റെ രഹസ്യകേന്ദ്രങ്ങളിൽ പ്രമുഖ പ്രതിഭകളുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിലായി ഒരുക്കിത്തുടങ്ങും.
ഒരു കുടയുടെ വലിപ്പം 28.5 ഇഞ്ച് വരും. ഓരോ കുടയ്ക്കും 11,000 മുതൽ 25,000 വരെ രൂപയാണ് നിർമാണ ചെലവ്. കുട നിർമിക്കാൻ ഓരോ വിഭാഗക്കാരുടേയും പണിപ്പുരകളിൽ രണ്ടുമാസമായി ഇരുപതോളം പേർ വീതം പണിയെടുക്കുന്നുണ്ട്.
പാറമേക്കാവിനുവേണ്ടി ഈ വർഷവും കുട ഒരുക്കുന്നതു വസന്തകുമാർ തന്നെയാണ്. 41 വർഷമായി ഇദ്ദേഹം പാറമേക്കാവിനുവേണ്ടി കുട നിർമിക്കുന്നു. അച്ഛന്റെ കൂടെ വളരെ ചെറുപ്പം മുതൽ വസന്തകുമാർ കുടനിർമാണ രംഗത്തുണ്ട്.
തിരുവന്പാടിക്കുവേണ്ടി കുട ഒരുക്കുന്നതു പുരുഷോത്തമൻ പുള്ളിക്കാട്ടാണ്. ഒൻപതുവർഷമായി തിരുവന്പാടിക്കുവേണ്ടി ഇദ്ദേഹം കുടയൊരുക്കുന്നു. സഹായികൾ കുടുംബക്കാർ തന്നെ. 39 വർഷമായി കുടനിർമാണ രംഗത്തുണ്ട് പുരുഷോത്തമനും കുടുംബാംഗങ്ങളും.