തൃശൂർ: പതിനെട്ടാം പടിക്കപ്പുറത്ത് ഉപവിഷ്ഠനായ ശാസ്താവ്, തലയ്ക്കു മുകളിൽ ചുറ്റിക്കറങ്ങുന്ന എൽഇഡി വെളിച്ച വിന്യാസം. പാറമേക്കാവിന്റെ ഈ സ്പെഷൽ കുടയ്ക്കു പുലിപ്പുറമേറിയ അയ്യപ്പന്റെ ബഹുവർണക്കുടകൾ നിവർത്തിയായിരുന്നു തിരുവന്പാടിയുടെ മറുപടി.
പാരന്പര്യവും വിശ്വാസവും ദേശസ്നേഹവും പ്രതിഫലിപ്പിച്ച ഒരു ക്ലാസിക് കുടമാറ്റത്തിനാണ് ഇത്തവണ ശക്തന്റെ തട്ടകം സാക്ഷിയായത്. ധീരജവാൻമാർക്ക് ആദരമർപ്പിച്ചുള്ള ആദ്യകുട പാറമേക്കാവിന്റെതായിരുന്നു. ത്രിവർണ പതാകയുടെ നിറമുള്ള കുടയിൽ പിടിയുടെ ഭാഗത്തു ധീര ജവാൻമാരുടെ രൂപം തലയുയർത്തിനിന്നു. ഇന്ത്യൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ജവാൻമാരുടെ രൂപമുള്ള കുടകൾ ഉയർത്തിയായിരുന്നു തിരുവന്പാടിയുടെ മറുപടി. കുടകൾക്കു മുകളിൽ ത്രിവർണ പതാകകളും ഉണ്ടായിരുന്നു.
വൈകീട്ട് ആറുമണിയോടെയാണ് കുടമാറ്റത്തിനായി തെക്കേഗോപുരനടയിൽ പാറമേക്കാവ് – തിരുവന്പാടി ഭഗവതിമാർ നേർക്കുനേർ നിലകൊണ്ടത്. മാന്പഴ മഞ്ഞ കുടകൾക്കു മധ്യത്തിൽ കുങ്കുമച്ചുവപ്പ് കുട നിവർത്തി പാറമേക്കാവ് വിഭാഗം മത്സരത്തിനു തുടക്കമിട്ടു. തൊട്ടുപിറകെ ആകാശനീല കുടകളുയർത്തി തിരുവന്പാടിയും ഉത്തരം നൽകി.
മത്സരം മുറുകിയപ്പോൾ ഇരുനില, മൂന്നുനില കുടകളൊക്കെ മാറിമാറി ഉയർന്നു. അഞ്ചു നിലകൾ വരെയുള്ള കുടകൾ ഉണ്ടായിരുന്നു. കലാഭംഗിയും സാങ്കേതിക മികവും ഒത്തുചേർന്ന ഓരോ കുടകളും ആരവങ്ങളോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. കോലത്തിന്റെ രൂപത്തിലുള്ള എൽഇഡി വെളിച്ച വിന്യാസത്തിനൊപ്പം പാറമേക്കാവ് ഉയർത്തിയ നാലുനിലയുള്ള കുടയും ശ്രദ്ധേയമായി.