തൃശൂർ: പൂരത്തിന്റെ മാലിന്യത്തിൽ വർഗീയത കലർത്തി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമം കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിർത്തു.
പൂരത്തിനുശേഷം കൊക്കർണിപ്പറന്പിൽ കുഴിച്ചിടാൻ കൊണ്ടുവന്ന മാലിന്യങ്ങളിൽ മുട്ടത്തോടും മാംസാവശിഷ്ടവും ഉണ്ടായിരുന്നുവെന്നും അതാണ് മാലിന്യം കുഴിയിൽ ഇടുന്നതു തടഞ്ഞതെന്നും ബിജെപി കൗണ്‍സിലർ എ.മഹേഷ് പറഞ്ഞു.
ഇത്തരത്തിൽ മറ്റു സ്ഥലങ്ങളിലെ മാലിന്യം കൊക്കർണിപ്പറന്പിൽ നിക്ഷേപിച്ചതു പൊറുക്കാനാകില്ലെന്നായിരുന്നു മഹേഷിന്റെ വാദം. ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാർ യോഗം ബഹിഷ്കരിച്ച് കോർപറേഷൻ ഓഫീസിനുമുന്പിൽ കുത്തിയിരിപ്പു നടത്തി.
എന്നാൽ മാലിന്യപ്രശ്നത്തിൽ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ പറഞ്ഞു. ബിജെപി അനാവശ്യവിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വം ആരുടെയും തറവാട്ടുസ്വത്തല്ല. ബിജെപി അത് ഏകപക്ഷീയമായി ഏറ്റെടുക്കാൻ ശ്രമിക്കേണ്ടെന്നും മുകുന്ദൻ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ് എല്ലാ വിഭാഗം കച്ചവടക്കാർക്കും അനുമതി നൽകിയിരുന്നത്. ദേവസ്വം ബോർഡാണ് ഇത്തരം ഭക്ഷണസാധനങ്ങൾ വിൽക്കുന്നുണ്ടോയെന്നു നോക്കേണ്ടത്. പണം വാങ്ങിവച്ചിട്ട് തമ്മിൽ തല്ലിക്കാൻ നോക്കരുതെന്നും മുകന്ദൻ പറഞ്ഞു.
മാലിന്യത്തിൽ മുട്ടത്തോടും മറ്റവശിഷ്ടങ്ങളും കോർപറേഷൻ കൊണ്ടുവന്നിട്ടതാണെന്ന ആരോപണം ശരിയല്ലെന്നു മേയർ അജിത വിജയൻ പറഞ്ഞു. ആനത്തീറ്റയുടെ ബാക്കിയും ആനപ്പിണ്ടവും മാത്രമാണ് കുഴിച്ചിടാൻ ശ്രമിച്ചതെന്നും മേയർ വിശദീകരിച്ചു.
മാലിന്യത്തിൽ മുട്ടത്തോടും മാംസാവശിഷ്ടവും വന്നതെങ്ങനെയെന്നും ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിലെ എ.പ്രസാദ് ആവശ്യപ്പെട്ടു. മാലിന്യം സംസ്കരിക്കുന്നതു തടഞ്ഞതിനെതിരെ പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലും എ.പ്രസാദും ആവശ്യപ്പെട്ടു. ഭരണകക്ഷി ഈ നിർദേശത്തോടു യോജിച്ചതോടെയാണ് പ്രമേയം പാസാക്കിയത്.
പൂരം വെടിക്കെട്ടിനുശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ കോർപറേഷൻ നടത്തിയ പ്രവർത്തനം ചില സാമൂഹ്യദ്രോഹികൾ തടസപ്പെടുത്തിയ പ്രവർത്തനത്തെ അപലപിക്കുന്നതായി, പ്രതിപക്ഷത്തെ ജോണ്‍ ഡാനിയേലിന്റെ പിൻതുണയോടെ ഭരണകക്ഷിയിലെ അനൂപ് കരിപ്പാൽ അവതരിപ്പിച്ച പ്രമേയം കൗണ്‍സിൽ യോഗം പാസാക്കി.
പൂരം തങ്ങളുടേതു മാത്രമാണെന്നു സ്ഥാപിക്കാൻ ചില സങ്കുചിത താൽപര്യക്കാർ ശ്രമിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മാലിന്യ സംസ്കരണം തടഞ്ഞ സംഭവം. ഇക്കാര്യത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റായ നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിൻ ദേവസ്വം ബോർഡാണ് വടക്കുന്നാഥൻ മാനേജർ നിർദേശിച്ച സ്ഥലത്ത് കുഴിയുണ്ടാക്കിയത്. ഇവിടെ പ്ലാസ്റ്റിക്കും കടലാസും മറ്റു സാധനങ്ങളും കുഴിയിൽ ഇടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് കരാറിലുള്ളതെന്നും വർഗീസ് കണ്ടംകുളത്തി പറഞ്ഞു. എം.എൽ.റോസി, ഷീബ ബാബു, കൃഷ്ണൻകുട്ടി മാസ്റ്റർ, ഫ്രാൻസിസ് ചാലിശേരി, സി.ബി.ഗീത, അനൂപ് കരിപ്പാൽ, ഗ്രീഷ്മ അജയഘേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.