കോട്ടയം: മറ്റൊരു ഉത്സവകാലത്തിനു കൊടിയേറുമ്പോള്‍ എഴുന്നള്ളിപ്പിനായുള്ള നാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 1000ലധികം നാട്ടാനകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 410ഓളം ആനകളാണ്. പതിനായിരത്തിലധികം ഉത്സവങ്ങള്‍ക്കാണു സംസ്ഥാനത്ത് ആനയെ എഴുന്നള്ളിക്കുന്നത്. നിലവില്‍ തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്നാണു കൂടുതല്‍ ആനകള്‍ എഴുന്നള്ളിപ്പിന് എത്തുന്നത്.
ആനകളുടെ എണ്ണം കുറഞ്ഞതിനാല്‍ തിടമ്പാനകളുടെ ഏക്കത്തുക ഇരട്ടിയായി. കൂട്ടാനകളുടെ തുകയിലും വര്‍ധനയുണ്ട്. ഇത് ഉത്സവങ്ങള്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ ആകെയുള്ള നാട്ടാനകളില്‍ 50 ശതമാനത്തിലേറെയും പിടിയാനകളാണ്.
ഉത്സവകാലങ്ങളില്‍ 25ലധികം ആനകള്‍ മദപ്പാടിലായിരിക്കും. ഏകദേശം 275 ആനകളെയാണ് ഉത്സവത്തിന് എഴുന്നള്ളിക്കാനാകുക.
2023ല്‍ മാത്രം ചരിഞ്ഞതു 18 നാട്ടാനകളാണ്.
ചെര്‍പ്പുളശേരി, മംഗലാംകുന്ന്, ചാന്നാനിക്കാട്, മനിശീരി ഉള്‍പ്പെടെയുള്ള ആനത്തറവാടുകളില്‍ നിന്നടക്കം സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകളാണ്. പ്രായാധിക്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് എണ്ണം കുറയാന്‍ ഇടയാക്കുന്നത്. കൂടുതലും പാദരോഗമാണു കാരണമെന്നാണു വനംവകുപ്പ് പറയുന്നത്.
എഴുന്നള്ളിപ്പിനയയ്ക്കുന്ന ആനകള്‍ക്കു കൃത്യമായ ചികിത്സയും വിശ്രമവും നല്‍കണമെന്നാണു ചട്ടം. ആനകളുടെ എണ്ണം കുറഞ്ഞതിനാല്‍ നിലവിലുള്ള നാട്ടാനകള്‍ക്കു മതിയായ വിശ്രമം ലഭിക്കുന്നില്ല.
60 വയസു മുതല്‍ 70 വയസുവരെയാണ് ആനയുടെ ശരാശരി ആയുസ്. നിലവിലുള്ള ആനകളില്‍ ഭൂരിപക്ഷവും 50 വയസിനു മുകളിലുള്ളവയും. നാട്ടാനകളുടെ എണ്ണം കുറയുന്നത് തടയാന്‍ ക്യാപ്റ്റീവ് ബ്രീഡിംഗ് നടപ്പാക്കണമെന്ന ആവശ്യം ഇതുവരെ കേരളത്തില്‍ പ്രാവർത്തികമായിട്ടില്ല.
40 വയസിനു മുകളിലുള്ള ആനകളുടെ പ്രജനനത്തിനായി ക്യാപ്റ്റീവ് ബ്രീഡിംഗ് അത്യാവശ്യമാണെന്നാണു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
മികച്ച ചികിത്സാസൗകര്യം വേണം
സംസ്ഥാനത്ത് ആനകള്‍ക്കു മികച്ച ചികിത്സാസൗകര്യം ഇല്ലെന്നതാണ് സത്യം. മികച്ച ആശുപത്രിയുണ്ടെങ്കില്‍ ആനകള്‍ ചരിയുന്നത് പകുതി കുറയ്ക്കാനാകും. പാദരോഗം, എരണ്ടക്കെട്ട് തുടങ്ങിയ രോഗങ്ങള്‍മൂലം നിരവധി ആനകളാണു ചെറുപ്രായത്തിലെ ചരിയുന്നത്.
എന്നാല്‍, ഇത്തരം രോഗങ്ങളുടെ വ്യാപ്തി മനസിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നില്ല.രോഗം ബാധിച്ച ആനകളെ പരിശോധിച്ചശേഷം ഏകദേശ ധാരണയിലാണു മരുന്നുകള്‍ നല്‍കുന്നത്.
സ്കാനിംഗ്, എക്സ്റേ, ശസ്ത്രക്രിയ എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ ചികിത്സയ്ക്കായി ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആനകളെ ഉയര്‍ത്താനും നടത്തിക്കാനുമായുള്ള കൂടുകള്‍ വേണം. ഇത്തരത്തില്‍ വിദഗ്ധ ചികിത്സാരീതികള്‍ വന്നെങ്കില്‍ മാത്രമേ ആനകള്‍ അകാലത്തിൽ ചരിയുന്നതിനു കൂച്ചുവിലങ്ങിടാന്‍ സാധിക്കൂ.
സ്വന്തം ലേഖിക