അജിൽ നാരായണൻ
സ്വർണപ്രഭയിൽ സർവാഭരണങ്ങൾ
തൃശൂർ: നെറ്റിപ്പട്ടം കെട്ടിയ കൊന്പനെപ്പോലെ എന്നൊരു പ്രയോഗമുണ്ട്. ആ ഗമയ്ക്കുമേലുള്ള അലങ്കാരമാണ് ആനയ്ക്ക് മസ്തകം മുതൽ തുന്പിക്കൈയുടെ പകുതിയോളവും വീണുകിടക്കുന്ന നെറ്റിപ്പട്ടം. സർവതും സ്പെഷൽ ആയ തൃശൂർപൂരത്തിന്റെ നെറ്റിപ്പട്ടമാണെങ്കിൽ ഈ ഗമ ഇരട്ടിയിലും അധികമാവും. പൂരങ്ങളുടെ പൂരത്തിനായി പൊന്നിൻതിളക്കമുള്ള നെറ്റിപ്പട്ടങ്ങളുടെ നിർമാണം ഇരു ദേവസ്വങ്ങളുടെയും അണിയറയിൽ പുരോഗമിക്കുകയാണ്.
നെറ്റിയിലെ ആഭരണം
നെറ്റിപ്പട്ടം മൂന്നുതരമാണ്- ചൂരപ്പൊളി, നാഗപടം, വണ്ടോട്. തിടന്പേറ്റുന്ന ആനയുടെ സ്പെഷൽ ആഭരണമാണ് ചൂരപ്പൊളി. ഇടത്തേയും വലത്തേയും കൂട്ടാനകൾക്കുള്ളതാണ് നാഗപടം. മറ്റ് ആനകൾക്കെല്ലാം വണ്ടോട്. നെറ്റിപ്പട്ടത്തിൽ ഉയർന്നുനിൽക്കുന്ന വലിയ കുമിളകളാണ് കിണ്ണങ്ങൾ. വലിപ്പമനുസരിച്ച് വട്ടക്കിണ്ണം, എടക്കിണ്ണം, നിറക്കിണ്ണം എന്നിങ്ങനെ വേർതിരിക്കും. കിണ്ണങ്ങൾക്കു ചുറ്റും പിടിപ്പിക്കുന്ന കുമിളകളാണ് ഓരോ നെറ്റിപ്പട്ടത്തിന്റേയും പേരിന് അടിസ്ഥാനം.
ചൂരൽ പൊളിച്ച ആകൃതിയിൽ കുമിളകളുള്ള നെറ്റിപ്പട്ടമാണ് ചൂരപ്പൊളി. കാണാൻ ഏറ്റവും ഭംഗിയുള്ളതും തിടന്പേറ്റുന്ന ഗജവീരൻ അണിയുന്നതുമായ നെറ്റിപ്പട്ടമാണിത്. സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നതുപോലെ തോന്നും ചൂരപ്പൊളി നെറ്റിപ്പട്ടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ.
തിടന്പേറ്റിയ ആനയുടെ ഇടതും വലതുമുള്ള കൂട്ടാനകൾ അണിയുന്ന നെറ്റിപ്പട്ടമാണ് നാഗപടം. കിണ്ണങ്ങൾക്കു ചുറ്റും തലയുയർത്തി നിൽക്കുന്ന നാഗങ്ങളെപ്പോലുള്ള കുമിളകളാണ് ഇത്തരം നെറ്റിപ്പട്ടങ്ങളുടെ പ്രത്യേകത. മറ്റ് ആനകൾക്കെല്ലാം വണ്ടോട് നെറ്റിപ്പട്ടമാണ് ആഭരണം. വണ്ടിന്റെ തോടുപോലെയാണ് ഇതിലെ കുമിളകൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തീവെട്ടിയിൽ തിളങ്ങുന്ന സ്വർണം
നെറ്റിപ്പട്ടത്തിലെ ലോഹഭാഗങ്ങളെല്ലാം ചെന്പ് ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ ഓരോ വർഷവും പുതുതായി സ്വർണം പൂശി പുതുക്കിയെടുക്കുകയാണ് ചെയ്യുക. തീവെട്ടിക്കുമുന്പിൽ വെട്ടിത്തിളങ്ങുന്ന ആഭരണമാണ് രാത്രിയിൽ കരിവീരനു മാറ്റുകൂട്ടുന്നത്. ചന്ദ്രക്കല, കുമിള, കിണ്ണം തുടങ്ങി ആയിരക്കണക്കിനു ലോഹ ഭാഗങ്ങൾ ഓരോ നെറ്റിപ്പട്ടത്തിനുമുണ്ടാകും. ഇവയെല്ലാം സ്വർണം പൂശി മിനുക്കിയെടുക്കുകയെന്നത് സങ്കീർണമായ പ്രക്രിയയാണ്.
ഇങ്ങനെ ഒരു നെറ്റിപ്പട്ടം പുതുക്കിയെടുക്കാൻ ആറു ദിവസത്തോളമെടുക്കുമെന്നു തിരുവന്പാടിയുടെ ചമയ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന പുരുഷോത്തമൻ പറയുന്നു. ആറോളം കലാകാരൻമാരുടെ അധ്വാനവും ഒരു ലക്ഷം രൂപയോളം ചെലവും ഇതിനായി വേണ്ടിവരും.
നാലു ദിവസമെടുത്താണ് ലോഹഭാഗങ്ങൾ സ്വർണം പൂശി മിനുക്കിയെടുക്കുന്നത്. രണ്ടു ദിവസംകൂടിയെടുത്ത് പൊടിപ്പും തൊങ്ങലും കാളാഞ്ചിയും തുന്നിച്ചേർക്കുന്നതോടെ നെറ്റിപ്പട്ടം അണിയാൻ പാകത്തിൽ റെഡി. കുന്നത്തങ്ങാടി സ്വദേശി വസന്തന്റെ നേതൃത്വത്തിലാണ് പാറമേക്കാവിന്റെ നെറ്റിപ്പട്ടങ്ങൾ ഒരുങ്ങുന്നത്.