സ്വന്തം ലേഖകൻ
തൃശൂർ: ചെറുതും വലുതുമായ നിരവധി സ്വർണക്കടകളുടെ നാടായ തൃശൂരിൽ ആളുകളണിയും ആഭരണങ്ങൾക്കുള്ള പേരും പെരുമയുമെന്ന പോലെത്തന്നെ ആനയണിയും ആഭരണങ്ങൾക്കും പേരും പെരുമയുമേറെ!! ആനയണിയും ആഭരണമെന്നാൽ നെറ്റിപ്പട്ടം.കരിവീരച്ചന്തത്തിന് അഴകേറ്റുന്ന നെറ്റിപ്പടങ്ങളാണ് ആനച്ചന്തത്തിന് മിഴിവേറ്റുന്നത്. തൃശൂർ പൂരത്തിന് അണിനിരക്കുന്ന ആനകൾ നെറ്റിപ്പട്ടമണിയുന്നതോടെ വേറൊരു ലുക്കിലേക്കു മാറും.
പൂരമടുക്കുന്നതോടെ ചമയപ്പുരകളിൽ സ്വർണവർണം നിറഞ്ഞൊഴുകും നെറ്റിപ്പട്ടങ്ങളും നിറയും. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനയാഭരണങ്ങൾ ആനയണിഞ്ഞു കാണുന്നതിനേക്കാൾ ചമയപ്പുരകളിൽ കാണുന്പോ ൾ കാണാൻ വേറൊരു ചന്തമാണ്.
പേരുകേട്ടതും അല്ലാത്തതുമായ ഒരുപാട് ജ്വല്ലറികളുടെ നാടായ തൃശൂരിൽ അന്നാട്ടിലെ ഗജവീരൻമാർക്ക് അണിയാനുള്ള ആഭരണങ്ങളും മികവുറ്റതാകേണ്ടതുണ്ട്. അതിനാൽ രാവിനെ പകലാക്കി മാസങ്ങളോളം പാടുപെട്ട് ഗജശ്രേഷ്ഠർക്കുള്ള അലങ്കാരക്കോപ്പുകൾ പൂരത്തിന്റെ ചമയപ്പുരകളിൽ തയാറായിക്കഴിഞ്ഞു.
തലയുയർത്തി നിൽക്കുന്ന കരിവീരന് അഴകേറ്റുന്നതു മസ്തകത്തിലണിയുന്ന നെറ്റിപ്പട്ടമാണ്. ആനയുടെ മസ്തകം മുതൽ തുന്പിക്കൈയുടെ ഏതാണ്ടറ്റം വരെ നീണ്ടുകിടക്കുന്ന നെറ്റിപ്പട്ടത്തിനു സവിശേഷതകൾ ഏറെയാണ്. മൂന്ന് തരത്തിലുള്ള നെറ്റിപ്പട്ടങ്ങളാണുള്ളത്. ചൂരൽപ്പൊളി, നാഗപടം, വണ്ടോട് എന്നിവയാണ് മൂന്നുതരം നെറ്റിപ്പട്ടങ്ങൾ. നെറ്റിപ്പട്ടത്തിൽ തുന്നിച്ചേർക്കുന്ന ഡിസൈനുകളെ അടിസ്ഥാനമാക്കിയാണ് നെറ്റിപ്പട്ടങ്ങളെ വേർതിരിച്ചിരിക്കുന്നത്.
ചൂരൽപ്പൊളി നെറ്റിപ്പട്ടമാണു കോലമേറ്റുന്ന നടുവിലെ ആനയെ അണിയിക്കുക. നാഗപടം ഇടതും വലതും നിൽക്കുന്ന ആനകൾക്കുള്ളതാണ്. മറ്റാനകൾക്കു വണ്ടോട് നെറ്റിപ്പട്ടം. ചെറുതും വലുതുമായ ഏഴായിരം കഷ്ണങ്ങൾ ഒത്തുചേർത്താണ് ഒരു നെറ്റിപ്പട്ടം തയാറാക്കുന്നത്.
രണ്ടു വട്ടക്കിണ്ണം, ചെറുതിൽനിന്ന് തുടങ്ങി വലുതിൽ അവസാനിക്കുന്ന 11 ചന്ദ്രക്കലകൾ, കാളാഞ്ചി, കൂന്പൻകിണ്ണം, 37 എടക്കിണ്ണങ്ങൾ എന്നിവയും നിരവധി ചെറു സ്വർണവർണ കുമിളകളും നിറഞ്ഞതാണ് ഒരു നെറ്റിപ്പട്ടം. നെറ്റിപ്പട്ടത്തിന്റെ അരികുകൾ വർണനൂലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ടാകും.
തിരുവന്പാടിക്കു വേണ്ടി നെറ്റിപ്പട്ടങ്ങളൊരുക്കുന്നത് പുള്ളിക്കാട്ടിൽ പുരുഷോത്തമനാണ്. കഴിഞ്ഞ ഒന്പതുവർഷമായി പുരുഷോത്തമനാണ് നെറ്റിപ്പട്ടങ്ങൾ പണിയുന്നത്. ചേർപ്പ് ചക്കാലമുറ്റത്ത് കുത്തോക്കാരൻ വീട്ടിൽ ജോസ്, ജോണ്സണ്, ഡേവിസ് എന്നീ സഹോദരൻമാർ ചേർന്നാണ് പ്ലേറ്റിംഗ് നടത്തുന്നത്.
മുപ്പത്തിയഞ്ചു വർഷമായി ഇവരാണ് തിരുവന്പാടിയുടെ ഗജകേസരികൾക്ക് വേണ്ടി നെറ്റിപ്പട്ടത്തിന് സ്വർണത്തിളക്കം പകരുന്നത്. ഇരുപതോളം നെറ്റിപ്പട്ടങ്ങളാണ് തിരുവന്പാടിക്കുവേണ്ടി ഒരുക്കുന്നത്.പാറമേക്കാവിന് വേണ്ടി നെറ്റിപ്പട്ടങ്ങൾ ഒരുക്കുന്നത് കിഴക്കേത്തറ വസന്തകുമാറാണ്. നാൽപ്പതു വർഷത്തിലധികമായി വസന്തൻ നെറ്റിപ്പട്ടങ്ങൾ ഒരുക്കുന്നു. ഒല്ലൂർ സ്വദേശി ജോബിയാണ് പ്ലേറ്റിംഗ് നടത്തുന്നത്. ഇരുപതോളം നെറ്റിപ്പട്ടങ്ങളാണ് പാറമേക്കാവും ഒരുക്കുന്നത്.