സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ വിസിൽ, മദ്യം, ഡ്രോണ്‍(ഹെലി കാമറ) എന്നിവയ്ക്കു നിരോധനം. ആനകൾ വിരളുമെന്നതിനാലാണ് പൂരം ദിവസം പ്രത്യേകതരം വിസിലുകൾ നിരോധിക്കാനുള്ള തീരുമാനം.ആനകൾ നിരക്കുന്ന സ്ഥലത്തും ക്ഷേത്രപരിസരത്തും അഞ്ച്, ആറ് തീയതികളിൽ നഗരം നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ ദിവസങ്ങളിൽ ഡ്രോണ്‍ കാമറ മുതൽ ഹെലികോപ്റ്റർ വരെയുള്ളവ നഗരത്തിൽ പറപ്പിക്കാൻ പാടില്ല. ജിബ് കാമറകൾക്കും നിരോധനമുണ്ട്. 42 മണിക്കൂർ മദ്യനിരോധനവും ഏർപ്പെടുത്തും.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ വിളിച്ചുചേർത്ത മാധ്യമ, പോലീസ്, പൂരക്കമ്മിറ്റി പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഡ്രോണ്‍ കാമറയ്ക്കു കൊടിയേറ്റ ദിവസമായ 29 മുതൽതന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം നിരോധനം ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്ന് ഡ്രോണ്‍ പറത്തിയ ചിലരെ പോലീസ് പിടികൂടിയിരുന്നു.
തൃശൂർ പൂരം വെടിക്കെട്ടിന്റെ അനുമതിക്കായുള്ള പരിശോധനകൾ ശിവകാശിയിൽ പൂർത്തിയാക്കിയതായി കളക്ടർ അറിയിച്ചു. തൃശൂർപൂരത്തിന് ഉപയോഗിക്കുന്ന പടക്കങ്ങളിൽ പരിശോധനാ ഏജൻസിയായ പെസോ തൃപ്തി അറിയിച്ചിട്ടുണ്ട്. അനുമതിക്കുള്ള അപേക്ഷ അടങ്ങുന്ന ഫയൽ നാഗ്പൂരിലെ ചീഫ് എക്സ്പ്ലോസീവ്സ് വിഭാഗത്തിന്റെ ആസ്ഥാന കാര്യാലയത്തിന്റെ പരിഗണനയിലാണ്.
ചട്ടങ്ങൾ പാലിച്ചുകൊണ്ടാണു വെടിക്കെട്ടു നടത്തുക. വെടിക്കെട്ടിനു നൂറു മീറ്റർ പരിധി കർശനമായി പാലിക്കും. പരിധിക്കകത്തു കെട്ടിടമുണ്ടെങ്കിൽ അവിടേക്കു പ്രവേശനം അനുവദിക്കില്ല.പൂരത്തോടനുബന്ധിച്ച് നാലാം തീയതി വൈകുന്നേരം എട്ടുമുതൽ ആറാം തീയതി ഉച്ചയ്ക്കു രണ്ടുവരെയാണ് നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തുക. കോർപറേഷൻ പരിധിയിലെ 32 മദ്യവില്പനശാലകളും ഈ സമയപരിധിയിൽ തുറക്കില്ല.
പൂരം കാണുന്നതിന് അപകട നിലയിലുള്ള കെട്ടിടങ്ങൾക്കു മുകളിൽ പൂരപ്രേമികൾ കയറുന്നതു തടയും. കോർപറേഷനാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള ചുമതല. തേക്കിൻകാട് മൈതാനിയിലെ ഉണങ്ങിയ മരച്ചില്ലകൾ വെട്ടിമാറ്റും. വെടിക്കെട്ടു നടക്കുന്ന പ്രദേശത്തു തീപിടിക്കാൻ സാധ്യതയുള്ള ഇനങ്ങൾ നീക്കം ചെയ്യാൻ കോർപറേഷനോട് ആവശ്യപ്പെടാനും കളക്ടർ നിർദേശം നൽകി.
പോലീസ്, ഡിടിപിസി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.വിദേശികൾക്കായി പ്രത്യേക പവലിയൻ, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കുടമാറ്റം കാണാനുള്ള സൗകര്യം തുടങ്ങിയവ ഇത്തവണയും സജ്ജീകരിക്കും. 62 വിദേശികളാണ് കഴിഞ്ഞവർഷം പൂരത്തിനെത്തിയിരുന്നത്. ഇലഞ്ഞിത്തറ മേളം ക്ഷേത്രം മതിൽക്കെട്ടിനു പുറത്തുള്ളവർക്കും കാണാൻ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും.
മുൻവർഷത്തേക്കാൾ കൂടുതൽ സൗകര്യത്തോടെ മൂന്നു നിലകളിലുള്ള പ്ലാറ്റ്ഫോമാണ് ഈ വർഷം മാധ്യമപ്രവർത്തകർക്കു നൽകുന്നത്.മാധ്യമങ്ങൾക്കു നൽകുന്ന പ്ലാറ്റ് ഫോം സിനിമാഷൂട്ടിംഗിന് അനുവദിക്കില്ല. വെടിക്കെട്ട് നടക്കുന്ന 100 മീറ്റർ പരിധിയിൽ ആരെയും നിൽക്കാൻ അനുവദിക്കില്ല. തിരുവന്പാടി വിഭാഗത്തിന്റെ ആനകൾ കുടമാറ്റത്തിനു നിൽക്കുന്നിടത്തെ ചരിവ് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും നിർദേശമുണ്ട്.