തൃശൂർ: പൂരം ഭംഗിയായി നടത്താൻ അഹോരാത്രം കഷ്ടപ്പെട്ട തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പൂരം കഴിഞ്ഞപ്പോൾ പനി. രാപ്പകലില്ലാതെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓടിനടന്ന സിറ്റി പോലീസ് കമ്മീഷണർ എച്ച്.യതീഷ്ചന്ദ്ര പനി മൂലം വിശ്രമത്തിലാണ്.
പൂരം ശരിക്കും കൊള്ളുന്നവർ പൂരം കഴിഞ്ഞാൽ രണ്ടുദിവസം പനിയായി കിടക്കുമെന്ന് തൃശൂരിൽ പറയാറുണ്ട്. വെയിൽ വകവയ്ക്കാതെ പൂരത്തിന് എല്ലായിടത്തും സജീവസാന്നിധ്യമായ കമ്മീഷണർ ഏവരുടേയും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കളക്ടർക്കൊപ്പം പൂരപ്പറന്പിൽ രാത്രിയിലും എത്തി ക്രമസമാധാന സജ്ജീകരണങ്ങൾ വിലയിരുത്തിയ കമ്മീഷണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പനിയാണെങ്കിലും ഉടൻതന്നെ അദ്ദേഹം ഓഫീസിലെത്തും. തൃശൂർ പൂരത്തിന് പിന്നാലെയെത്തിയിരിക്കുന്ന കൗണ്ടിംഗ് പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതിനാൽ കമ്മീഷണർ റെസ്റ്റെടുക്കാതെ ഡ്യൂട്ടിക്കെത്തുമെന്നാണ് പറയുന്നത്.