തൃശൂർ: പൂരം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും ആസ്വദിച്ചാണ് മടങ്ങിയത്. ഇലഞ്ഞിത്തറ മേളം പ്രമാണി പെരുവനം കുട്ടൻമാരാരെ അദ്ദേഹം ആദരിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രിയെത്തിയത്.
മേളം നടന്നുകൊണ്ടിരിക്കുന്പോൾ തന്നെ മേളപ്രമാണി പെരുവനം കുട്ടൻമാരാരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ മുഖ്യമന്ത്രിയെയും പൊന്നാട അണിയിച്ചു. സുരക്ഷാഉദ്യോഗസ്ഥരുടെ അകന്പടിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ആദ്യമായാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇലഞ്ഞിത്തറ മേളത്തിലേക്ക് നേരിട്ടെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കൗണ്‍സിലർ മഹേഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കുടമാറ്റത്തിനു ശേഷം വിശ്രമിച്ച മുഖ്യമന്ത്രി ഇന്നു പുലർച്ചെ നഗരത്തിലെ ഹോട്ടൽ മുറിയിലിരുന്ന് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടും ആസ്വദിച്ചാണ് മടങ്ങിയത്.