തൃശൂർ: തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഐജിയുടെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി പോലീസ് മേധാവി രാഹുൽ ആർ. നായർ ആണ് സുരക്ഷക്ക് നേതൃത്വം നൽകുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 29 ഡിവൈഎസ്പിമാരും 146 വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥകളും ഉൾപ്പടെ 2,700 ൽ പരം പോലീസുകാരെ വിന്യസിക്കും.
സുരക്ഷയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തെ പ്രത്യേക സോണായും തേക്കിൻകാട് മൈതാനത്തെ അഞ്ച് സോണുകളായും തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്വരാജ് റൗണ്ടിനെ നാലു സെഗ്മെന്റുകളായും എംഒ റോഡ് മുതൽ കോർപറേഷൻ ഓഫീസ് വരെയുള്ള ഭാഗത്തെ പ്രത്യേക സെഗ്മെന്റായും തിരിച്ചു. സോണുകളും സെഗ്മെന്റുകളും ഓരോ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. 750ഓളം പോലീസുകാരെ ഇവിടെ വിന്യസിക്കും.
പ്രത്യേകം ശ്രദ്ധിക്കാൻ
ചെറു പൂരങ്ങൾ വരുന്നതും തിരിച്ചുപോകുന്നതുമായ വഴിയിൽ ആനകൾക്ക് അലോസരമുണ്ടാക്കുന്ന വിധം റോഡരികിൽ പടക്കം പൊട്ടിക്കരുത്.
വെടിക്കെട്ട് കാണുന്നവർ ഫിനിഷിംഗ് പോയിന്റിൽനിന്ന് പരമാവധി അകലം പാലിച്ച് നിൽക്കണം
ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വിലയേറിയ ആഭരണങ്ങൾ ധരിച്ചെത്തുന്നത് പരമാവധി ഒഴിവാക്കണം
കുടമാറ്റം വീക്ഷിക്കുന്നതിനായി മരങ്ങളിലും വടക്കുംനാഥ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു മുകളിലും കയറരുത്.
പ്രധാന കേന്ദ്രങ്ങളിൽ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ ഉണ്ടായിരിക്കും. ജില്ലാ ആശുപത്രി, ബാറ്റാ ഷോറൂം, ന്യൂ കേരള ഷോറൂം, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയേറ്റർ എന്നിവയുടെ മുൻവശങ്ങളിലായാണ് എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാകുക.