തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് ഓരോ വർഷവും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. ഈ സ്ഥിതിക്കു മാറ്റം വരണം. നിയമത്തിന്റെ പേരിൽ ചുവപ്പുനാടയുടെ ഉൗരാക്കുടുക്കുകൾ കൊണ്ടുവന്ന് വിശ്വാസികളുടെയും ആസ്വാദകരുടെയും മനസ് മുറിവേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം എക്്സിബിഷൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി രണ്ട് ദേവസ്വങ്ങളുടെയും സംയുക്ത പരിപാടിയായ പൂരം എക്സിബിഷനിലായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പ്രഫ. മധു, എസിപി രാജു, പ്രഫ. മാധവൻകുട്ടി, സതീഷ് മേനോൻ, കൗണ്‍സിലർമാരായ എം.എസ്. സന്പൂർണ, കെ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി പൊതുപരിപാടിക്കെത്തിയ പ്രതാപനെ സംഘാടകർ ഷാളണിയിച്ച് സ്വീകരിച്ചു.