ഫ്രാങ്കോ ലൂയിസ്
തൃശൂർ: പൂരത്തിനിടെയുണ്ടായ ദുരന്തത്തിൽ വിടവാങ്ങിയ രമേശ് വർഷങ്ങൾക്കുമുന്പ് അനേകർക്കു രക്ഷകനായിരുന്നു. പതിനഞ്ചു വർഷം മുന്പ് വെഞ്ഞാറമ്മൂടിലെ ഒരു കുടുംബം ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണു നൽകി മടങ്ങുകയായിരുന്നു.
അവർ സഞ്ചരിച്ചിരുന്ന ടെന്പോ അർധരാത്രിയോടെ തൃശൂർ ആന്പല്ലൂരിൽ റോഡരികിലെ ഒരു കുളത്തിലേക്കു മറിഞ്ഞു.
രമേശ് അന്ന് ഇളയമ്മയുടെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ രമേശിന്റെ നേതൃത്വത്തിലായിരുന്നു അർധരാത്രിയിലെ രക്ഷാപ്രവർത്തനം. നിരവധി പേരെ അവർ വെള്ളത്തിൽനിന്നു രക്ഷിച്ചു.
ഏതാനും പേർ മരിച്ചു. രക്ഷാപ്രവർത്തകനെന്ന നിലയിൽ അന്നു മാധ്യമങ്ങൾ രമേശിന്റെ ചിത്രം സഹിതമാണു വാർത്ത പ്രസിദ്ധീകരിച്ചത്.തൃശൂർ പൂരം രമേശിന് എന്നും ഒരു ലഹരി ആയിരുന്നു. രാത്രി പൂരത്തിനിടെ തിരുവന്പാടിയിൽനിന്ന് എഴുന്നള്ളിപ്പ് ഇറങ്ങുന്നതിന്റെ സെൽഫി വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകമാണ് മരച്ചില്ല ഒടിഞ്ഞുള്ള ദുരന്തമുണ്ടായത്.
തിരുവനന്തപുരം ഓണം ഘോഷയാത്രയിൽ തൃശൂർ ഫ്ളോട്ടിനൊപ്പം രമേശും ഉണ്ടാകാറുണ്ട്. നല്ല ഒരു കായിക താരവും സരസനുമായിരുന്നു രമേശ്. അദ്ദേഹം ജോലി ചെയ്യുന്ന ന്യു ഇന്ത്യ അഷ്വറൻസ് സ്റ്റാഫിന്റേതടക്കമുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ ഈ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സന്ദേശ പ്രവാഹമാണ്.