സ്വന്തം ലേഖകൻ
തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ശബ്ദവിസ്മയാണു തൃശൂർ പൂരമെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി. തൃശൂർപൂരം പകർത്തിയെടുത്തു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതു വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരത്തെ ആധാരമാക്കി നിർമിച്ച “തൃശൂർപൂരം- എ ട്രാവ ലോഗ് വിത്ത് റസൂൽപൂക്കുട്ടി’ എന്ന ഡോക്യുമെന്ററി സംസ്കാരിക നഗരത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്യുമെന്ററിയുടെ സിഡി റസൂൽപൂക്കുട്ടിയിൽനിന്നു ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ റസൂൽപൂക്കുട്ടിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച ഡോക്യുമെന്ററിക്കൊപ്പം “ദ സൗണ്ട് സ്റ്റോറി’ എന്ന സിനിമയിലേക്ക് ഒരുക്കിയ ഗാനത്തിന്റെ സമർപ്പണവും ചടങ്ങിൽ നടന്നു.
തിരുവന്പാടി ഭഗവതിയുടെ കോലമേന്താറുള്ള ചരിഞ്ഞ ഗജവീരൻ ശിവസുന്ദറിന്റെ ഓർമയ്ക്കായി സമർപ്പിച്ച ഗാനത്തിന്റെ സിഡി പദ്മശ്രീ ഡോ. ടി.എ. സുന്ദർമേനോൻ ഏറ്റുവാങ്ങി. വന്പൻ എൽഇഡി സ്ക്രീനിൽ മികച്ച ശബ്ദസംവിധാനങ്ങളോടെ “പൂരം വരവായി…’ എന്നു തുടങ്ങുന്ന ഗാനം പ്രദർശിപ്പിച്ചപ്പോൾ തെക്കോഗോപുരനടയിൽ തടിച്ചുകൂടിയിരുന്ന പൂരപ്രേമികൾ ആവേശത്തിലായി.
തിരുവന്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. പി. ചന്ദ്രശേഖരൻ, പ്രഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, ഡോക്യുമെന്ററിയുടേയും സിനിമയുടേയും നിർമാതാവ് രാജീവ് പനയക്കൽ, ഡോക്യുമെന്ററി സംവിധായകൻ ഉണ്ണി മലയിൽ, സൗണ്ട് സ്റ്റോറിയുടെ സംവിധായകൻ പ്രസാദ് പ്രഭാകർ, പെരുവനം കുട്ടൻ മാരാർ തുടങ്ങിയവർ പങ്കെടുത്തു.
പാംസ്റ്റോണ്‍ മൾട്ടിമീഡിയയാണ് “ദ സൗണ്ട് സ്റ്റോറിയുടെയും ഡോക്യുമെന്ററിയുടെയും നിർമാതാക്കൾ. കഴിഞ്ഞ പൂരത്തിനു തൃശൂർ നഗരത്തിലെ പലയിടത്തായി സ്ഥാപിച്ച അറുപതോളം എച്ച്ഡി ക്യാമറകളും 128 ട്രാക്ക് മൈക്രോഫോണ്‍ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു ചിത്രീകരണം.
പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത “ദ സൗണ്ട് സ്റ്റോറി’ സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് എന്നീ അഞ്ചു ഭാഷകളിലായി ഓണത്തോടെ റിലീസ് ചെയ്യും.