സ്വന്തം ലേഖകൻ
തൃശൂർ: അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാപ്രവചനം തൃശൂർക്കാരെയും പൂരപ്രേമികളേയും ആശങ്കയിലാഴ്ത്തുന്നു.
ഇന്നലെ രാവിലെ പെയ്ത കനത്ത മഴയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമെല്ലാം തൃശൂർ പൂരത്തിനു ഭീഷണിയാകുമോ എന്ന ചോദ്യമാണ് പൂരനഗരിയിൽ ഉയരുന്നത്.
നാളെ വൈകീട്ടാണ് സാന്പിൾ വെടിക്കെട്ട്. തേക്കിൻകാട് മൈതാനത്തു തിരുവന്പാടിയും പാറമേക്കാവും വെടിക്കെട്ടിനുള്ള കുഴികൾ കുത്തിത്തുടങ്ങിയിരുന്നു. മഴ വന്നതോടെ കുത്തിയ കുഴികളെല്ലാം ടാർപോളിനിട്ടു മൂടി.
പന്തൽപണിയേയും മഴ തടസപ്പെടുത്തി. എന്നാൽ, രാവിലെ വെയിൽ തെളിഞ്ഞതോടെ പണികൾ പൂർവാധികം ഉഷാറാക്കി.
രണ്ടുവർഷം കോവിഡ് മഹാമാരി മൂലം പൂരം മുടങ്ങിയതിനു ശേഷം ഇക്കുറി പൂരം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു കടക്കുന്പോഴാണ് മഴ വീണ്ടും പൂരത്തിനു ഭീഷണിയുയർത്തുന്നത്.
സാന്പിൾ വെടിക്കെട്ട്: ഗതാഗത നിയന്ത്രണം; കാണികൾക്കു പ്രവേശനം ഫയർലൈനിനു
100 മീറ്റർ ദൂരെ മാത്രം
തൃശൂർ: സാന്പിൾ വെടിക്കെട്ട് ദിവസമായ നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണവും സാന്പിൾ കാണാൻ വരുന്നവർക്കുള്ള നിയന്ത്രണ മാർഗരേഖകളും പുറത്തിറക്കി പോലീസ്.
വെടിക്കെട്ട് ദിവസം തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. സ്വരാജ് റൗണ്ടിൽ, നെഹ്റുപാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷൻ, ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമായിരിക്കും കാണികളെ പ്രവേശിപ്പിക്കുക.
ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൗണ്ടിലേക്കു പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ.
സാന്പിൾ ദിവസം രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഉച്ചയ്ക്ക് മൂന്നു മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. മൂന്നു മുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
സാന്പിൾ വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നതു നിരോധിച്ചിട്ടുണ്ട്. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ ലിസ്റ്റും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.