തൃശൂർ: തൃശൂർ പൂരത്തിന്റെ മേളങ്ങൾക്ക് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നു സോണി മ്യൂസിക്സിന്റെ തെന്നിന്ത്യൻ മേധാവി അശോക് പർവാണി. റസൂൽ പൂക്കുട്ടി ശബ്ദസംവിധാനം ചെയ്തു റിക്കാർഡു ചെയ്ത ദ സൗണ്ട് സ്റ്റോറി എന്ന സിനിമയിലെ ഭാഗങ്ങൾക്കു മാത്രമാണു പകർപ്പവകാശ നിയമപ്രകാരം നിയന്ത്രണമുള്ളത്.
കുട്ടൻമാരാരുടെ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ഇലഞ്ഞിത്തറമേളത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അഞ്ചു മിനിറ്റ് 42 സെക്കൻഡ് മാത്രം. ഈ ഭാഗത്തിനു പകർപ്പവകാശ നിയമം ബാധകമാണ്.
പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ഏഴു മിനിറ്റ് 54 സെക്കൻഡും കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ഏഴു മിനിറ്റ് അഞ്ചു സെക്കൻഡുമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗങ്ങൾ കോപ്പിചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു മാത്രമാണു തടസമെന്നാണ് വിശദീകരണം.