തൃശൂർ: തൃശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ പൂരം പൂർവാധികം ഭംഗിയായി നടത്താനുള്ള നടപടികൾ കൈകൊള്ളുമെന്നും ഇരുവ രും ഉറപ്പുനൽകി. തൃശൂർ പൂരം പ്രദർശനം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
പൂരം നടത്തിപ്പിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കു പരിഹാരം കാണാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ് ത മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ തൃശൂർ പൂരത്തിന്റെ മഹിമയും പെരുമയും നിലനിർത്താൻ സംസ്ഥാന സർക്കാർ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയതായി അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ തെളിവെടുപ്പു നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട് മന്ത്രി പരിശോധിച്ചു വരികയാണ്. അതനുസരിച്ച് അനുകൂലമായ ഉത്തരവ് ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. പൂരം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആദ്യയോഗം ഏഴിനു ചേരുമെന്നും മന്ത്രി പറഞ്ഞു.
മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. സി.എൻ. ജയദേവൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ ടി.എൻ. അരുണ്‍കുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ, കൗണ്‍സിലർ കെ. മഹേഷ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് പ്രഫ. എം. ബാലഗോപാൽ, സെക്രട്ടറി കെ. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
പ്രദർശനം പൂർണസജ്ജമാകാൻ ഒരാഴ്ച കൂടിയെടുക്കും. ബുധനാഴ്ച മുതൽ ടിക്കറ്റ് മുഖേന പ്രവേശനം അനുവദിക്കും.