തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ.
വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ച സുനിൽ കുമാർ, പകൽ സമയത്ത് പ്രശ്നമില്ലാതെ നടന്ന പൂരം രാത്രി എങ്ങിനെ പ്രശ്നമായെന്നും സുനിൽ ചോദിച്ചു. ഒരു മാസം കൊണ്ട് പുറത്തുവിടുമെന്ന് പറഞ്ഞു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിടാത്തതിനെയും സുനിൽകുമാർ വിമർശിച്ചു.
പി.വി. അൻവർ എംഎൽഎയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അന്വേഷണറിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂർ പൂരത്തിന് എല്ലാക്കാലത്തും പ്രശ്നങ്ങളുണ്ടാകാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കാറുള്ളത്.
എന്നാൽ പൂരം നിർത്തിവച്ചതടക്കമുള്ള കാര്യങ്ങൾ അതീവ ഗൗരവത്തോടെ കാണണം. പൂരം കലക്കിയതിന് പിന്നിലാരാണെങ്കിലും അതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. എഡിജിപി അജിത്കുമാറിന് സംഭവത്തിൽ പങ്കുണ്ടോ എന്നറിയില്ല. എന്നാൽ അന്നുനടന്ന പല സംഭവങ്ങളും യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.
വിവരമറിഞ്ഞ് ഞങ്ങളൊക്കെ എത്തുന്പോഴേക്കും ബിജെപി സ്ഥാനാർഥി ആംബുലൻസിൽ സ്ഥലത്ത് ആർഎസ്എസ് നേതാക്കൾക്കൊപ്പം എത്തിയിരുന്നു. പൂരം കലക്കിയതിൽ പോലീസിനു പുറമെ പൂരം നടത്തിപ്പുകാർക്കും പങ്കുണ്ട്. പന്തലിലെ ലൈറ്റുകൾ അണച്ചതും മേളം നിർത്തിവയ്പ്പിച്ചതും വെടിക്കെട്ട് വേണ്ടെന്ന് വച്ചതും ആരാണെന്ന് സുനിൽ ചോദിച്ചു.
എൽഡിഎഫ് സർക്കാരാണ് പുരം കലക്കിയതെന്ന് അന്ന് വ്യാപകപ്രചരണമുണ്ടായി. അന്ന് തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന താനും പ്രതിക്കൂട്ടിലായെന്ന് സുനിൽകുമാർ പറഞ്ഞു.
അതു തനിക്കേറെ വിഷമമുണ്ടാക്കിയെന്നും ഒരുകാലത്തും താൻ പൂരത്തിന് എതിരല്ലെന്നും ഇനിയും താൻ പൂരത്തിനൊപ്പമായിരിക്കുമെന്നും സുനിൽകുമാർ മാധ്യമങ്ങൾ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ പറയാനുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.