തൃശൂർ: ഇന്നേക്ക് മൂന്നാം നാൾ കൊടിയേറ്റം; പിന്നെ ഏഴാം നാൾ തൃശൂർ പൂരം!! നാടും നഗരവും തൃശൂർ പൂരത്തിന്റെ ലഹരിയിലേക്ക് കടന്നുകഴിഞ്ഞു. നഗരത്തിൽ പൂരപ്പന്തലുകളുടെ നിർമാണം ചൂടിനെ പോലും വകവെക്കാതെ പുരോഗമിക്കുകയാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടിയിലും പാറമേക്കാവിലും ഒരുക്കങ്ങൾ ദ്രുതഗതിയിലാണ്. ചെറുപൂരങ്ങളെത്തുന്ന ഘടകക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
ഏഴിന് തിരുവന്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങളുടെ നിർമാണം തിരുവന്പാടിയിലും പാറമേക്കാവിലും പുരോഗമിക്കുകയാണ്. സ്പെഷ്യൽ കുടകളുടെ നിർമാണം അതീവ രഹസ്യമായാണ് നടക്കുന്നത്.
പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകൾ നീങ്ങിയിട്ടുണ്ട്. പതിവുപോലെ വെടിക്കെട്ട് നടത്താൻ തടസങ്ങളൊന്നും ഇപ്പോഴില്ല. ആനകളുടെ എഴുന്നള്ളിപ്പ് സംബന്ധിച്ചും ഇപ്പോൾ ആശങ്കകളൊന്നുമില്ല. പൂരത്തലേന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേഗോപുരനട തുറക്കാനെത്തുമോ എന്ന കാര്യത്തിൽ അവ്യക്തതകൾ ബാക്കിയാണ്. കൊടിയേറ്റ് കഴിയുന്നതോടെ നാടും നഗരവും അക്ഷരാർത്ഥത്തിൽ പൂരക്കാഴ്ചകളിൽ ചേർന്നലിയും.