സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം സംബന്ധിച്ച് മന്ത്രിമാർ വീണ്ടും ഉറപ്പ് നൽകിയെങ്കിലും ആശങ്ക വിട്ടുമാറാതെ ദേവസ്വങ്ങൾ. വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ്, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ എന്നിവ തുറന്നുപറഞ്ഞ് ദേവസ്വങ്ങൾ ആശങ്ക വ്യക്തമാക്കുകയും ചെയ്തു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂരം ഒരുക്കങ്ങളെ സംബന്ധിച്ച് യോഗം ചേർന്നത്. ദേവസ്വങ്ങൾ, പോലീസ്, ഫയർഫോഴ്സ്, വനം, മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ, വാട്ടർ അഥോറിറ്റി, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന്റെ ആമുഖത്തിൽ സംസാരിച്ച മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്. സുനിൽകുമാറും വെടിക്കെട്ട് സംബന്ധിച്ച ചർച്ചയിലേക്കു പോകേണ്ടതില്ലെന്നും, ഇക്കാര്യം ചർച്ച ചെയ്യാൻ 12ന് ചീഫ് എക്സ്പ്ലോസീവ് കണ്ട്രോളറുടേയും വകുപ്പ് മേധാവികളുടെയും യോഗം സർക്കാർ തിരുവനന്തപുരത്തു വിളിച്ചു ചേർത്തിട്ടുണ്ടെന്നും അറിയിച്ചു.
ഇതോടൊപ്പം മുൻവർഷങ്ങളിൽ നടന്നിരുന്നതുപോലെ തന്നെ പൂരം എല്ലാ പ്രൗഢിയോടെയും പരന്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയും വെടിക്കെട്ടുൾപ്പെടെയുമായി നടത്തുമെന്നതിൽ ആശങ്ക വേണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ ഉറപ്പ് തരുന്നുവെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു.
എന്നാൽ ദേവസ്വങ്ങൾക്കായി ചർച്ചയിൽ പങ്കെടുത്ത തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവൻകുട്ടി വെടിക്കെട്ട് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ പുതിയ ഉത്തരവിൽ ദൂരപരിധിയടക്കമുള്ളവ പരാമർശിക്കുന്നുണ്ടെന്നും, പരിശോധന, അളവ് എന്നിവ സംബന്ധിച്ചു പറയുന്നതിൽ ഇളവ് പരിഗണിക്കണമെന്നും മന്ത്രിമാരെ അറിയിച്ചു. ഇതോടൊപ്പം അനാവശ്യമായി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും, കേന്ദ്രമൃഗക്ഷേമബോർഡിന്റെ പേരിൽ പരിശോധനയ്ക്കായി എത്തുന്ന സംഘം അനാവശ്യമായി വിവാദങ്ങളുണ്ടാക്കുകയാണെന്നും, ഇതു തടയണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.
പോലിസ് ഒരുക്കങ്ങൾ തുടങ്ങിയതായും, മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതൽ പോലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുമെന്നും വിവിധ വകുപ്പുകൾക്കുള്ള കത്തിടപാടുകൾ ആരംഭിച്ചതായും കമ്മീഷണർ ടി.നാരായണൻ അറിയിച്ചു. ഏഴു യൂണിറ്റുകൾ കരുതാറുണ്ടെന്നും ഇത്തവണയും അഗ്നിശമനസേന സജ്ജമാണെന്നും ഫയർഫോഴ്സ് ഓഫീസർ പറഞ്ഞു. ആനകളുടെ പരിശോധന തുടങ്ങി പൂരച്ചടങ്ങുകൾ അവസാനിക്കുന്നതു വരെ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ സ്ക്വാഡ് പൂർണ സമയമുണ്ടാകുമെന്ന് മൃഗസംരക്ഷണ ഓഫീസർ തിലകൻ പറഞ്ഞു.
ജലവിതരണത്തിനുള്ളക്രമീകരണങ്ങൾ തുടങ്ങിയെന്നും, ദേവസ്വവും കോർപറേഷനുമായി ആലോചിച്ച് കൂടുതൽ തെരുവ് ടാപ്പുകൾ ആവശ്യമെങ്കിൽ സജ്ജമാക്കുമെന്നും വാട്ടർ അഥോറിറ്റി അധികൃതരും അറിയിച്ചു. വൈദ്യുതി വിഭാഗവും സജ്ജമാണെന്ന് കോർപറേഷൻ വൈദ്യുതി വിഭാഗം സെക്രട്ടറിയും അറിയിച്ചു. അപകടകാരിയായ രാസവസ്തുക്കൾ വെടിക്കെട്ടിനുപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധാരണയായി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിൽ യോഗങ്ങൾ വിളിച്ചുചേർത്തതായും അവർ അറിയിച്ചു.
പൂരം നടത്തിപ്പ് സംബന്ധിച്ച ക്രമീകരണങ്ങൾ ആലോചിക്കുന്നതിനായി വിശദമായ യോഗം കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കാനും ധാരണയായി. ജില്ലാ കളക്ടർ ഡോ.എ.കൗശിഗൻ, മേയർ അജിത ജയരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.