സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർപൂരത്തിന് ഇക്കുറി പാറമേക്കാവ്, തിരുവന്പാടി വിഭാഗങ്ങളുടെ പഞ്ചവാദ്യനിരയിൽ മാറ്റം വരും. ഇരു വിഭാഗങ്ങളുടെയും പ്രമാണിമാർ തന്നെയാണ് മാറുന്നത്. തിമില വിദ്വാന്മാരായ അന്നമനട പരമേശ്വരമാരാരും ചോറ്റാനിക്കര വിജയനും പൂരത്തിനെത്തില്ല. പകരക്കാരുടെ കാര്യത്തിൽ ധാരണയായതായി സൂചനയുണ്ട്.
പഞ്ചവാദ്യത്തിനു പ്രശസ്തമായ തിരുവന്പാടിയുടെ മഠത്തിൽവരവിനു തുടർച്ചയായി 14 വർഷം തിമിലയിൽ പ്രാമാണികത്വം വഹിച്ച കലാകാരനാണ് അന്നമനട പരമേശ്വരമാരാർ. ശാരീരികമായ അസ്വസ്ഥതകളാണ് കാരണമെന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്തവർഷം വീണ്ടും എത്താനാകുമെന്ന പ്രതീക്ഷയോടെ താത്കാലികമായാണ് മാറിനില്ക്കുന്നത്.
2015ലും വിരലിലെ പഴുപ്പിനെതുടർന്നു പരമേശ്വരമാരാർക്കു മാറിനില്ക്കേണ്ടിവന്നു. അസുഖം മാറി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞവർഷം മഠത്തിൽവരവിനു ഗംഭീര പഞ്ചവാദ്യസദ്യ തന്നെയാണ് ഒരുക്കിയത്. തിരുവന്പാടിയുടെ പഞ്ചവാദ്യനിരയിൽ 42 വർഷം തിമിലയിൽ അണിനിരന്ന പരമേശ്വരമാരാർ പഞ്ചവാദ്യത്തിൽ പരീക്ഷണങ്ങളുടെ അടവുകൾ പ്രയോഗിക്കുന്നതിൽ സമർഥനാണ്.
പരമേശ്വരമാരാരുടെ അഭാവത്തിൽ തിരുവന്പാടിയുടെ പഞ്ചവാദ്യ പ്രാമാണികത്വം കോങ്ങാട് മധു ഏറ്റെടുക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞവർഷം തിരുവന്പാടിയുടെ രാത്രി പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രാമാണികത്വം വഹിച്ചിരുന്നു.
കഴിഞ്ഞ 16 വർഷമായി പാറമേക്കാവിന്റെ രാത്രി എഴുന്നള്ളിപ്പിൽ പഞ്ചവാദ്യത്തിനു പ്രമാണിയായിരുന്നു പ്രശസ്ത തിമില വിദ്വാൻ ചോറ്റാനിക്കര വിജയൻ. പാറമേക്കാവിൽ 48 വർഷം പഞ്ചവാദ്യനിരയിൽ ഉണ്ടായിരുന്നു.
വിജയന്റെ അഭാവത്തിൽ പരക്കാട് തങ്കപ്പൻ നേതൃസ്ഥാനം ഏറ്റെടുത്തേക്കും. മദ്ദളം പ്രമാണി കുരിശേരി ചന്ദ്രനാകും. തികഞ്ഞ സംതൃപ്തിയോടെയതാണ് പിൻവാങ്ങുന്നതെന്നാണ് ചോറ്റാനിക്കര വിജയൻ അറിയിച്ചത്. രാത്രി പഞ്ചവാദ്യത്തിനു കുടുതൽ ആസ്വാദകരെ സൃഷ്ടിച്ചാണ് വിജയൻ പിൻവാങ്ങുന്നത്. ഇരുവിഭാഗത്തിന്റെയും മേളപ്രമാണികൾക്കു മാറ്റമില്ല.
വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിൽ പാറമേക്കാവ് വിഭാഗം രണ്ടരമണിക്കൂറോളം തീർക്കുന്ന മേളത്തിന് പത്മശ്രീ പെരുവനം കുട്ടൻമാരാർ തന്നെ നെടുനായകത്വം വഹിക്കും. തുടർച്ചയായ 19-ാം തവണയാണ് കുട്ടൻമാരാർ പ്രാമാണികത്വം വഹിക്കുന്നത്. കിഴക്കൂട്ട് അനിയൻമാരാർ തിരുവന്പാടിയുടെ മേളനായകനാകും. പ്രാമാണികത്വത്തിൽ കിഴക്കൂട്ടിന് ഇത് ഏഴാംവർഷമാണ്.
മകൻ മഹേഷും അച്ഛനോടൊപ്പം മേളനിരയിൽ അണിനിരക്കും. മറ്റൊരു മകൻ മനോജ് പാറമേക്കാവിലെ മേളനിരയിലുമുണ്ട്.എഴുന്നള്ളിപ്പിന് നെടുനായകത്വം വഹിക്കുന്ന ഗജവീരന്മാർക്കും മാറ്റമുണ്ടാകില്ല. പാറമേക്കാവിന്റെ എഴുന്നള്ളിപ്പിനു പാറമേക്കാവ് ശ്രീപത്മനാഭനും തിരുവന്പാടിയുടെ മഠത്തിൽനിന്നു വരവിനു തിരുവന്പാടി ശിവസുന്ദറും തിടന്പേറ്റും.
കരിമരുന്നുകലയിൽ ഇരു വിഭാഗത്തിലും നായകർ മാറും. തിരുവന്പാടിക്കുവേണ്ടി കുണ്ടന്നൂർ സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂർ ശ്രീനിവാസനും വെടിക്കെട്ട് ഒരുക്കും. കരിമരുന്നുകലയിൽ പ്രഗൽഭരായ ഇരുവർക്കും തൃശൂർപൂരത്തിൽ ഇതു കന്നിയങ്കമാണ്.