തൃശൂർ: ഇനി പൂരം മണ്ണിലല്ല, മനസിലാണ്. കണ്ണടച്ചാലും തുറന്നാലും പൂരക്കാഴ്ചകൾ മായില്ല. പകൽ നടന്ന തൃശൂർ പൂരം രാത്രിയിലും ആവർത്തിക്കുന്നതു പോലെ പൂരപ്രേമികളുടെ മനസിൽ ഒരു വർഷം മുഴുവൻ പൂരം ആവർത്തിച്ച് എഴുന്നള്ളിച്ചുകൊണ്ടേയിരിക്കും. മഠത്തിൽ വരവിനും ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനും ആവർത്തനം ഇല്ലെങ്കിലും പൂരപ്രേമികളുടെ മനസിൽ ഇതാവർത്തിക്കും.
മനസുകളിൽ കൊട്ടിക്കയറുന്ന മേളങ്ങൾ, കണ്ണുകളിൽ വർണങ്ങളുടെ കുടമാറ്റം, കാതുകളിൽ ആർത്തിരന്പുന്ന ഹർഷാരവം. തൃശൂർ പൂരം കഴിഞ്ഞിട്ടും കാഴ്ചകളും വർണങ്ങളും പെരുക്കങ്ങളുമൊക്കെ പതിനായിരങ്ങളുടെ മനസുകളിൽ പൂരം നടത്തിക്കൊണ്ടേയിരിക്കും. നട്ടുച്ചയ്ക്ക് പൂര സൂര്യൻ ജനസാഗരത്തിൽ അസ്തമിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം എത്തിയ പൂരം ആവോളം ആസ്വദിച്ച്
പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ മുന്നിൽ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഉപചാരം ചൊല്ലി പിരിഞ്ഞിട്ടും പൂരപ്രേമികൾക്ക് പൂരപ്പറന്പ് വിടാൻ മടിയായിരുന്നു. ലോകത്ത് ഒരിടത്തു നിന്നും ലഭിക്കാത്ത കാഴ്ചകളും അനുഭവങ്ങളും അവസാനിച്ചല്ലോ എന്ന യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാകാത്തതു പോലെ. ഓർമകളുടെ മരം പെയ്യൽ. ഇനി ഭഗവതിമാർക്ക് വിശ്രമിക്കാം. അടുത്ത പൂര നാൾ വരെ.
തിരുവന്പാടി ചന്ദ്രശേഖരന്റെ മുകളിലിരുന്നാണ് തിരുവന്പാടി ഭഗവതി ഉപചാരം ചൊല്ലാനെത്തിയത്. പാറമേക്കാവിന്റെ രാജേന്ദ്രനാണ് ഇത്തവണ തിടന്പേറ്റി ഉപചാരം ചൊല്ലാനെത്തിയത്. പൂരം തുടങ്ങിയതോടെ നഗരത്തിന് രാത്രിയില്ലായിരുന്നു. പൂരദിനമായ ബുധനാഴ്ച രാവിലെ ഉദിച്ച സൂര്യൻ തൃശൂരിൽ ഇന്നു വൈകീട്ടാണ് അസ്തമിക്കുക.
രാവിലെ തുടങ്ങിയ എഴുന്നള്ളിപ്പുകളും മേളങ്ങളുമൊക്കെ രാത്രിയും ആവർത്തിച്ചു. ഇന്നു രാവിലെ വീണ്ടും മേളവും ആനകളും പ്രദക്ഷിണവഴിയിൽ നിറഞ്ഞു. പകൽ പൂരം തട്ടകക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയുമാണെന്നാണ് പറച്ചിൽ. ഇത്തവണ പകൽ പൂരത്തിന് പതിവിൽ കവിഞ്ഞ ജനക്കൂട്ടമെത്തി.
പുലർച്ചെ വെടിക്കെട്ടിനുശേഷം മണികണ്ഠനാൽ പന്തലിൽനിന്ന് ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലിൽനിന്ന് മടങ്ങിയ തിരുവന്പാടി ഭഗവതിയും രാവിലെ തിരിച്ചെത്തിയാണ് പകൽപൂരത്തിനു തുടക്കമായത്. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ ആരംഭിച്ചു.
രാവിലെ എട്ടരയോടെയാണ് തിരുവന്പാടിയുടെ എഴുന്നള്ളിപ്പിനു തുടക്കമായത്. മേളപ്പെരുക്കത്തിന്റെ വാദ്യഗോപുരമുയർത്തി നായ്ക്കനാലിൽനിന്ന് പതിനഞ്ച് ആനകളുമായാണ് ഘോഷയാത്ര തുടങ്ങിയത്. എഴുന്നള്ളിപ്പ് ഉച്ചയ്ക്കു പന്ത്രണ്ടോടെ വടക്കുന്നാഥനു മുന്നിൽ സമാപിച്ചു.
ഭഗവതിമാരുടെ കോലമേന്തിയ ഗജരാജാക്കൻമാർ തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ഭഗവതിമാർ മടങ്ങിയതിനൊപ്പം ജനങ്ങളും മനസില്ലാമനസോടെ പൂരപ്പറന്പു വിട്ടു. പൂരത്തിന്റെ രുചി പകരുന്ന പൂരക്കഞ്ഞി കുടിച്ച് പൂരാലസ്യവുമായി തട്ടകങ്ങളിലേക്ക് മടങ്ങി. ഇനി പൂരത്തേക്കുറിച്ചുള്ള വിവരിക്കൽ, കാത്തിരിപ്പ്.