തൃശൂർ: ഗ്രീൻപ്രോട്ടോകോൾ കർശനമാക്കുന്നതിനൊപ്പം ഇത്തവണത്തെ തൃശൂർപൂരം കൂടുതൽ സ്ത്രീ സൗഹൃദമാക്കാനും തീരുമാനം. സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാപോലീസുകാരെ നിയോഗിക്കാൻ പൂരം അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാർക്ക് പൂരം കാണാൻ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് കോർപറഷനും ദേവസ്വങ്ങൾക്കും ലഭിച്ച അപേക്ഷയിൽ അനുകൂല തീരുമാനമായില്ല.
സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇക്കാര്യത്തിലെ നിസഹായത യോഗത്തിൽ കോർപറേഷനും പോലീസും വ്യക്തമാക്കി. ആനകളും, ആൾത്തിരക്കുമെത്തുന്പോൾ ഇവരുടെ സുരക്ഷയിൽ പോലീസ് ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേക ഗാലറി സജ്ജമാക്കിയാലും ഇവിടേക്ക് എങ്ങനെ പ്രവേശിപ്പിക്കാനാവുമെന്നതും തടസങ്ങളുണ്ടെന്ന് അഭിപ്രായമുയർന്നതോടെ ആവശ്യം യോഗം നിരാകരിക്കുകയായിരുന്നു.
തേക്കിൻകാടിനുചുറ്റുമുള്ള എല്ലാ തെരുവുവിളക്കുകളും നെഹ്റുപാർക്കിലെ വെളിച്ചസംവിധാനങ്ങളും പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കും. എല്ലാ റോഡുകളും ടാറിംഗ് പൂർത്തിയാക്കും. പൊട്ടിപ്പൊളിഞ്ഞ കാനകൾ സ്ലാബിട്ട് മൂടും. നാലുകേന്ദ്രങ്ങളിൽ കോർപറേഷൻ രണ്ടുദിവസം സംഭാരവിതരണം നടത്തും. തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും, 50 പോർട്ടബിൾ ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിനും തീരുമാനമായി.
ഭക്ഷണ സ്ഥാപനങ്ങളിലെ ശുചിത്വസംവിധാനങ്ങളും നിരീക്ഷിക്കും. 3000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പൂരത്തിനുണ്ടാവും. വിദേശികൾക്ക് പൂരം കാണാനുള്ള വിഐപി ഗാലറിയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കും. മേയർ അജിതാജയരാജൻ അധ്യക്ഷയായി.
ഡെപ്യൂട്ടി മേയർ ബീന മുരളി, ജില്ലാ ആസുത്രണസമിതി അംഗം വർഗീസ് കണ്ടങ്കുളത്തി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എൽ. റോസി, ഷീബ ബാബു, എസിപി പി. വാഹിദ്്, തിരുവന്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് സതീഷ്മേനോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.